ഇല്ലായ്മകളുടെ നടുവിൽ ജനറൽ ആശുപത്രി
കോട്ടയം : നൂറുകണക്കിന് രോഗികളുടെ ആശ്രയകേന്ദ്രം. നഗരത്തിലെ പ്രധാന സർക്കാർ ആശുപത്രി. പക്ഷേ, ഇല്ലായ്മകളിൽ വട്ടം ചുറ്റുകയാണ് കോട്ടയം ജനറൽ ആശുപത്രി. എന്തിന് ആവശ്യത്തിന് ഡോക്ടർമാർ പോലുമില്ല. മണിക്കൂറുകൾ കാത്തുനിന്ന് നിരാശരായി മടങ്ങാനാണ് രോഗികളുടെ വിധി. സർക്കാരും, ജില്ലാ പഞ്ചായത്തും കോടികളുടെ ഫണ്ട് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ അകലെയാണ്. ഡോക്ടർമാരുടെ കുറവ് കാരണം എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും എല്ലാ ദിവസവും ഒ.പികൾ പ്രവർത്തിക്കാറില്ല. സ്‌പെഷ്യാലിറ്റി ഡിപ്പാർട്ട്‌മെന്റുകൾ പ്രവർത്തിക്കാത്തതാണ് കൂടുതൽ പ്രതിസന്ധി. ഒഫ്താൽമോളജിയിൽ സീനിയർ കൺസൾട്ടൺ പോസ്റ്റ് ഒഴിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 2022 ൽ ന്യൂറോ ഡോക്ടറെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയിട്ട് പകരം ആളെത്തിയില്ല. പി.ജി വിദ്യാർത്ഥികളുടെ സേവനവും ഇല്ലാതായി. പനിബാധിതരുൾപ്പെടെ ജില്ലയിൽ പെരുകുമ്പോൾ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നാവശ്യം.
അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ
അത്യാഹിത വിഭാഗത്തിൽ ഉച്ചയ്ക്ക് ശേഷം തിരക്ക് നിയന്ത്രാണാതീതമാണ്. ഒരു ഡോക്ടറാണുള്ളത്. അപകടങ്ങളിൽപ്പെട്ട്
നിരവധിപ്പേരാണ് എത്തുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകും. ദൂരസ്ഥലങ്ങളിൽ നിന്നു എത്തുന്ന രോഗികൾ മണിക്കൂറുകൾ ക്യൂവിൽ നിൽക്കണം. ആശുപത്രിയുടെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനായതിനാൽ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
കുത്തഴിഞ്ഞ് നേത്രവിഭാഗം
ഒഫ്താൽമോളജി യൂണിറ്റിൽ ദിവസം 400, 450 രോഗികളാണ് ചികിത്സ തേടിയിരുന്നത്. ഇത് 70 ആയി കുറച്ചു. സർജറി വിഭാഗം നാല് ഡോക്ടർമാർ ഒരു യൂണിറ്റായി ജോലി ചെയ്തിടത്ത് രണ്ട് പേർ മാത്രമായി. ഇവർ തന്നെ 100 ടോക്കൺ നോക്കി തീരുന്നില്ല. മെഡിസിനിലും ഓർത്തോയിലും ചെസ്റ്റിലും സ്ഥിതി സമാനം.
''ജനറൽ ആശുപത്രിയിലെ ഡോക്ടേഴ്‌സിന്റെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടർ, ഡി.എം.ഒ, മന്ത്രി എന്നിവർക്ക് നിവേദനം നൽകി. ആവശ്യമായ നടപടികൾ ഡി.എം.ഒയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തപക്ഷം രോഗികളെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തും.
(എച്ച്.എം.സി)