മരിച്ചവരില്‍ സിഐഎസ്എഫ് ജവാന്‍മാരും, ജമ്മു കാശ്മീര്‍ മേഘവിസ്‌ഫോടനത്തില്‍ മരണം 40 കവിഞ്ഞു

Thursday 14 August 2025 9:27 PM IST

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരില്‍ സൈനികരും. സിഐഎസ്എഫിലെ രണ്ട് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. കിഷ്ത്വാറില്‍ ഉണ്ടായ പ്രളയത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകൃതി ദുരന്തത്തില്‍ ഇതുവരെ 200 പേരെയെങ്കിലും കാണാതായതായിട്ടാണ് സ്ഥിരീകരണം.

ദുരന്തത്തില്‍ പരിക്കേറ്റ നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്പതോളം പേരെ വിവിധ മേഖലകളില്‍ നിന്ന് ഇതുവരെ രക്ഷപ്പെടുത്താനും കഴിഞ്ഞു. കിഷ്ത്വാറില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കാലാവസ്ഥ മെച്ചപ്പെടുന്നമുറയ്ക്ക് വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ എത്തുന്ന ഇവിടെ എത്രപേരുണ്ടായിരുന്നുവെന്ന കൃത്യമായ കണക്ക് ഇനിയും ലഭ്യമായിട്ടില്ല.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കിഷ്ത്വാറിലെ ചസോതി മേഖലയില്‍ മേഘവിസ്ഫോടനം ഉണ്ടായത്. തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ ഒരു പ്രദേശമാകെ ഒലിച്ചുപോയി. കിഷ്ത്വാറിലെ മാതാ ചണ്ഡിയുടെ ഹിമാലയന്‍ ദേവാലയത്തിലേക്കുള്ള യാത്രയുടെ ആരംഭിക്കുന്ന പ്രദേശമാണ് ചസോതി. തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം നല്‍കാന്‍ വേണ്ടി ഒരുക്കിയിരുന്ന താല്‍ക്കാലിക ടെന്റുകള്‍ മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയിട്ടുണ്ട്.