മേഘ വിസ്‌ഫോടനം: കാശ്മീരിൽ 46 മരണം, 200 പേരെ കാണാതായി
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ മിന്നൽപ്രളയത്തിൽ 46 പേർക്ക് ദാരുണാന്ത്യം. 200ലേറെ പേരെ കാണാതായി. രണ്ട് സി.ഐ.എസ്.എഫ് ജവാന്മാർ ഉൾപ്പെടെ 33 പേരുടെ മൃതദേഹം കണ്ടെടുത്തു. മരണസംഖ്യ ഉയർന്നേക്കും.
മചൈൽ മാതാ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള 8.5 കിലോമീറ്റർ ട്രക്കിംഗ് പാത തുടങ്ങുന്ന പ്രദേശത്താണ് ദുരന്തം സംഭവിച്ചത്. മരിച്ച ജവാന്മാർ തീർത്ഥാടന കേന്ദ്രത്തിൽ സുരക്ഷാജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. രണ്ട് ജവാന്മാരെ കാണാതായി. നിരവധി തീർത്ഥാടകരെ സൈന്യം രക്ഷപ്പെടുത്തി. ചസോതി മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് 12നും ഒരുമണിക്കും ഇടയിലാണ് മേഘവിസ്ഫോടനവും മിന്നൽ പ്രളയവുമുണ്ടായത്. പ്രളയത്തിൽ പൂർണമായും ഒലിച്ചുപോയ പ്രദേശത്ത് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് തെരച്ചിൽ. ദുർഘടമായ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരം. സമുദ്ര നിരപ്പിൽ നിന്ന് 9500 അടി ഉയരത്തിലാണ് ചസോതി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെയും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെയും ഫോണിൽ വിളിച്ച് സ്ഥിതി വിലയിരുത്തി.
ഹിമാചലിൽ മിന്നൽ പ്രളയം
ഹിമാചൽ പ്രദേശിൽ സിംല, ലഹൗൾ, സ്പിതി ജില്ലകളിൽ മിന്നൽപ്രളയമുണ്ടായി. പാറക്കല്ല് വീണ് സിംല ജില്ലയിലെ റാംപുറിൽ മിറാ ഹംസ(20) എന്ന യുവതി മരിച്ചു. കുളുവിൽ പാർവതി നദി കരകവിഞ്ഞ് ഒരാളെ കാണാതായി. ദേശീയപാതകളടക്കം 396 റോഡുകൾ അടച്ചു. നിരവധി വീടുകളും പാലങ്ങളും തകർന്നു. വിവിധയിടങ്ങളിൽ കുടുങ്ങിയവരെ സൈന്യം രക്ഷപ്പെടുത്തി.
വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. ഋഷി ഡോഗ്രി താഴ്‌വരയ്ക്ക് സമീപമുണ്ടായ മേഘവിസ്‌ഫോടനമാണ് മിന്നൽപ്രളയത്തിന് കാരണം. കനത്ത മഴയിൽ തെക്കൻ ഡൽഹിയിലെ കാൽക്കാജിയിൽ മരം വീണ് ബൈക്ക് യാത്രികനായ സുധീർകുമാർ (50) മരിച്ചു. മകൾ പ്രിയക്ക് (22) പരിക്കേറ്റു. ഉത്തരേന്ത്യയിലാകെ ഇന്നലെ രാവിലെ മുതൽ കനത്ത മഴയായിരുന്നു. ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലും അതിർത്തിയായ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി.
ദുരന്തത്തിൽ അഗാധമായി ദുഃഖിക്കുന്നു. സാദ്ധ്യമായ എല്ലാ സഹായവും ഉറപ്പു നൽകി
- പ്രധാനമന്ത്രി നരേന്ദ്ര മോദി