മഹാത്മജിയുടെ വിശ്വസ്തന് സ്മരണിക ഈ വായനശാല
പയ്യന്നൂർ : സ്വാതന്ത്ര്യസമരചരിത്രത്തെ അടയാളപ്പെടുത്തുന്ന പേരാണ് പയ്യന്നൂരിലെ മഹാദേവ ഗ്രാമത്തിന്റേത്. ഒരർത്ഥത്തിൽ സ്വാതന്ത്യസമരത്തെ നയിച്ച മഹാത്മാവിന്റെ കൂടെ നിഴൽപോലെ നടന്ന മഹാദേവ ദേശായിയ്ക്കുള്ള സ്മരണികയായി ഇവിടത്തെ വായനശാലയേയും വിലയിരുത്താം.
ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് നടന്ന പ്രക്ഷോഭങ്ങളും ഉപ്പു സത്യാഗ്രഹവും പൊലീസ് സ്റ്റേഷന് മുൻപിലെ കൊടിമരത്തിലെ ബ്രിട്ടീഷ് പതാക അഴിച്ച് മാറ്റി ഇന്ത്യൻ പതാക ഉയർത്തിയതടക്കമുള്ള ഇതിഹാസ പോരാട്ടങ്ങളിലൂടെയാണ് പയ്യന്നൂർ സ്വാതന്ത്ര്യസമരത്തിൽ അടയാളപ്പെടുത്തപ്പെട്ടത്. നഗരത്തോട് ചേർന്ന മഹാദേവഗ്രാമത്തിലെ വായനശാലയാകട്ടെ രാഷ്ട്രപിതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗുജറാത്തുകാരൻ മഹാദേവ ദേശായിയുടെ പേരിലാണ്. പതിയെ വായനശാലയുടെ പേര് ഗ്രാമത്തിന് മേലെയും വീണു.
പട്ടറാട്ട് കൊവ്വൽ എന്നായിരുന്നു ഈ ഗ്രാമത്തിന്റെ പഴയ പേര്. സ്വാതന്ത്ര്യസമരത്തിൽ ആവേശത്തോടെ അണിചേർന്ന ഒരു യുവതലമുറ അക്കാലത്ത് പയ്യന്നൂരിലുണ്ടായിരുന്നു. വി.പി.നാരായണ പൊതുവാൾ , വി.പി.ശ്രീകണ്ഠ പൊതുവാൾ, വി.പി. കുഞ്ഞിരാമപൊതുവാൾ തുടങ്ങിയവരുടെ മുൻകൈയിൽ പട്ടറാട്ട് കൊവ്വലിൽ സഹോദര സമാജം പിറവിയെടുത്തത് ഇക്കാലത്താണ്. അറസ്റ്റിലായ സമരസേനാനികൾ കണ്ണൂർ, കോഴിക്കോട് ജയിലുകളിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സഹോദര സമാജം വായനശാലയായി മാറി. വായനശാലക്ക് കെട്ടിടം നിർമ്മിക്കുന്നത് 1944ൽ. ഇതിന് രണ്ടുവർഷം മുമ്പ് ജയിലിൽ കഴിയുന്നതിനിടെ മരിച്ച മഹാദേവ ദേശായിയുടെ ഓർമ്മയ്ക്കായി സഹോദരസമാജം വായനശാലയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകുകയായിരുന്നു.
1942 ആഗസ്റ്റ് 15ന് മഹാത്മജിയുടെ മടിയിൽ തലവച്ചായിരുന്നു മഹാദേവ ദേശായി ലോകത്തോട് വിട പറഞ്ഞത്.ആ മരണം പയ്യന്നൂരിലെ സ്വാതന്ത്രസമര സേനാനികളിൽ വലിയ ഞെട്ടലുണ്ടാക്കി. എഴുത്തുകാരൻ, വാഗ്മി, തുടങ്ങി സർവ്വ മേഖലകളിലും പ്രശസ്തനായിരുന്ന മഹാദേവ ദേശായിയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു ഇവർക്കെല്ലാം. ദേശായിയെ വരുംകാലത്ത് ഓർമ്മിക്കാനായി അവർ വായനശാലക്കും ഗ്രാമത്തിനും അദ്ദേഹത്തിന്റെ പേര് നൽകുകയായിരുന്നു .ചരിത്രത്തോടൊപ്പം നടന്ന ആ മനുഷ്യന്റെ പേരിൽ രാജ്യത്ത് ആകെയുള്ള വായനശാലയും മഹാദേവ ഗ്രാമം വായനശാലയാണ്.
മഹാത്മജി പിൻഗാമിയാക്കിയ മഹാദേവ ദേശായി
1918ൽ മിൽ തൊഴിലാളികളുടെ സമരത്തിൽ അറസ്റ്റിലായ ഗാന്ധിജി തന്റെ പിൻഗാമിയായി നിശ്ചയിച്ചത് യഥാർത്ഥത്തിൽ മഹാദേവദേശായിയെ ആയിരുന്നു.എന്നാൽ നേതൃനിരയിലേക്ക് വരാൻ താൽപര്യം കാണിക്കാത്ത ദേശായി ഗാന്ധിജിയെ അനുഗമിക്കാൻ തീരുമാനിച്ചു. ഗാന്ധിജിക്കൊപ്പം ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് 1930ൽ അദ്ദേഹം അറസ്റ്റിലായി. വട്ടമേശ സമ്മേളനത്തിൽ മഹാത്മജിയെ അനുഗമിച്ച മഹാദേവദേശായി ജോർജ് അഞ്ചാമൻ രാജാവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയപ്പോഴും കൂടെയുണ്ടായിരുന്നു.
1939ൽ മൈസൂരിലും രാജ്‌കോട്ടിലുമുണ്ടായ പ്രക്ഷോഭങ്ങളിലും 1940ൽ ബംഗാളിലും പഞ്ചാബിലും രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായും പ്രവർത്തിച്ചു. നിരവധി തവണ ജയിലിലടക്കപ്പെട്ടു. ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനത്തിന്റെ ഭാഗമായി 1942 ആഗസ്റ്റ്
9ന് ഗാന്ധിജി, സരോജിനി നായിഡു, മീരാബഹൻ എന്നിവരോടൊപ്പം മഹാദേവ് ദേശായിയേയും അറസ്റ്റു ചെയ്ത് പൂനെ ആഗാ ഖാൻ കൊട്ടാരത്തിൽ തടവിലാക്കി. ഇവിടെ വച്ചായിരുന്നു മരണം.