പി.ബാലകൃഷ്ണൻനായരെ തേടി രാഷ്ട്രപതിയുടെ അവാർഡ്
കാസർകോട് : ഉദുമ പാലക്കുന്ന് സ്വദേശിയും കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയുമായ പി.ബാലകൃഷ്ണൻനായർക്ക് രാഷ്ട്രപതിയുടെ മെഡൽ.
ഇതിനകം സർവീസിൽ ഇത് വരെ മികച്ച സേവനത്തിന് മൂന്ന് ബാഡ്ജ് ഓഫ് ഹോണറും നൂറിലധികം ഗുഡ് സർവീസ് എൻട്രികളും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും 22 പ്രശംസാപത്രവും ലഭിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിന് 2018ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചു. വിജിലൻസിലെ മികച്ച സേവനത്തിന് 2016ലും ഇന്റലിജിൻസ് രംഗത്തെ മികച്ച സേവനത്തിനു 2017, 2018 വർഷങ്ങളിലും ബാഡ്ജ് ഓഫ് ഹോണർ ലഭിച്ച ഉദ്യോഗസ്ഥനാണ് ബാലകൃഷ്ണൻനായർ.
ബാലകൃഷ്ണൻനായർ 2003ലാണ് എസ്.ഐയായി സേനയിലെത്തിയത്. എറണാകുളം, കൊല്ലം, കണ്ണൂർ ജില്ലകളിൽ എസ്. ഐയായി
സേവന അനുഷ്ടിച്ചു. സർക്കിൾ ഇൻസ്‌പെക്ടറായത് 2008ലാണ്. വെള്ളരിക്കുണ്ട്, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി, വളപട്ടണം,
കാസർകോട് എന്നീ സർക്കിളുകളിലും വിജിലൻസിലും ജോലി ചെയ്തു. തുടർന്ന് 2017 ൽ ഡിവൈ.എസ്.പിയായി വിവിധ സബ്ഡിവിഷനുകളിലും ജോലി ചെയ്തു. തുടർന്ന് 2004 ജൂലായ് മുതൽ കാസർകോട് അഡിഷണൽ എസ്. പിയായി സേവനമനുഷ്ഠിച്ചു.2025 ജൂണിൽ എസ്. പി ആയി പ്രൊമോഷൻ ലഭിച്ചു.തുടർന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി യായി നിയമിക്കപ്പെട്ടു.
പരേതരായ മുങ്ങത്ത് നാരായൺ നായരുടെയും പേറയിൽ ലീലയുടെയും മകനാണ്. ഭാര്യ:നിഷ.ഭാര്യ.ശിവദ, കാർത്തിക് എന്നിവർ മക്കളാണ്.
അന്വേഷണമികവിനുള്ള അംഗീകാരം
പ്രമാദമായ നിരവധി കേസുകൾ തെളിയിക്കാനും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.വെള്ളരിക്കുണ്ട് സി ഐ ആയിരിക്കെ ചിറ്റാരിക്കൽ, രാജപുരം, വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് കൊലപാതക കേസുകളിലും പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത് ഈ അന്വേഷണമികവിനുള്ള തെളിവാണ്. കാസർകോട് ജില്ലയിൽ 30 വർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 11വർഗീയ കൊലപാതക കേസുകളിൽ ആദ്യമായി പ്രതികൾക്ക് ശിക്ഷ ലഭിച്ചതും ഇദ്ദേഹം അന്വേഷിച്ച കേസിലാണ്.ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 2010 ൽ മാരുതി ഫിനാൻസ് എന്ന സ്ഥാപനത്തിൽ നിന്നും 111 പവൻ സ്വർണം കവർന്ന കുപ്രസിദ്ധ കുറ്റവാളികളായ കാലിയ റഫീഖ്, ടി.എച്ച്.റിയാസ്. ഗുജ്‌രി അമ്മി, അട്ടഗോളി ആസിഫ് എന്നിവരടങ്ങിയ സംഘത്തെ പിടികൂടിയതും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരേ ദിവസം മൂന്നു എ.ടി.എം മെഷീനുകൾ കുത്തിതുറന്നു ലക്ഷ കണക്കിന് രൂപ കവർന്ന് ഹരിയാനയിലേക്ക് രക്ഷപ്പെട്ട കുപ്രസിദ്ധ കവർച്ച സംഘത്തെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തെ നയിച്ചതും ബാലകൃഷ്ണൻനായരാണ്. വിജിലൻസിൽ ചുമതല വഹിക്കെ ഉദ്യോഗസ്ഥ തല അഴിമതകളെ വെളിച്ചത്തുകൊണ്ടുവരാനും ഇദ്ദേഹത്തിന് സാധിച്ചു.
ലഹരിമുക്തിക്കായി മുന്നിൽ
ജനമൈത്രി പ്രവർത്തനങ്ങളിലെ ഇടപെടലിലൂടെയും ഇദ്ദേഹം സേനയിൽ മാതൃകയായി. ലഹരി മുക്ത കൊളവയൽ പദ്ധതി നടപ്പാക്കിയതു വഴി എക്സൈസ് വകുപ്പ് മന്ത്രിയുടെ പ്രത്യേക അഭിനന്ദനവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. കാസർകോട് അഡിഷണൽ എസ്.പി ആയിരിക്കെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഹോപ്പ് എന്നീ പദ്ധതികളിൽ തന്റെ മേഖലയെ ഒന്നാം സ്ഥാനത്ത് എത്തിക്കാനും ഈ ഉദ്യോഗസ്ഥന് സാധിച്ചിരുന്നു.