രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണിയെന്ന അപേക്ഷ പിൻവലിച്ചു
Friday 15 August 2025 2:29 AM IST
ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൂനെയിലെ പ്രത്യേക കോടതിയിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ സമർപ്പിച്ചിരുന്ന അപേക്ഷ പിൻവലിച്ചു. രാഹുലിന്റെ അനുമതിയില്ലാതെയാണ് അപേക്ഷ സമർപ്പിച്ചതെന്ന് അഡ്വ. മിലിന്ദ് ഡി. പവാർ പ്രസ്‌താവനയിൽ അറിയിച്ചു. രാഹുലുമായി കൂടിയാലോചിക്കാതെയാണ് തയ്യാറാക്കിയത്. അപേക്ഷയിലെ ഉള്ളടക്കത്തിൽ രാഹുൽ കടുത്ത അതൃപ്‌തി അറിയിച്ചു. ഈ സാഹചര്യത്തിൽ അപേക്ഷ പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ വ്യക്തമാക്കി. വി.ഡി. സവർക്കറുടെ ബന്ധു സത്യാകി സവർക്കർ നൽകിയ മാനനഷ്‌ടക്കേസിലായിരുന്നു വിവാദ അപേക്ഷ. സവർക്കർക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ചാണ് കേസ്.