മുതലപ്പൊഴി ഹാർബർ നവീകരണം: പ്രാരംഭ നിർമ്മാണത്തിന് തുടക്കം

Friday 15 August 2025 4:46 AM IST

ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴി ഹാർബർ നവീകരണത്തിനായുള്ള പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ സമഗ്ര വികസനപദ്ധതിയുടെ ഭാഗമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പുലിമുട്ട് നീളം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രെട്രാപോഡുകളുടെ നിർമ്മാണമാണ് ഇപ്പോൾ ആരംഭിച്ചത്. മോൾഡുകൾ യോജിപ്പിച്ച് 8,10 ടൺ വീതം വരുന്ന ട്രെട്രാപോഡുകളാണ് നിർമ്മിക്കുക. 8 ടണ്ണിന്റെ 3990 ട്രെട്രാപോഡുകളും,10 ടണ്ണിന്റെ 2205 ട്രെട്രാപോഡുകളും നിർമ്മിക്കും. കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് പുലിമുട്ടിന്റെ നീളം കൂട്ടുന്ന പ്രവൃത്തികൾക്ക് തുടക്കമാകും. അതുവരെ നിർമ്മിക്കുന്ന ട്രെട്രോപോഡുകൾ നമ്പർ രേഖപ്പെടുത്തി പെരുമാതുറ ഭാഗത്തെ യാർഡിലേക്ക് മാറ്റും.ട്രെട്രോപോഡുകളുടെ വിവരം ചീഫ് ടെക്നിക്കൽ എക്സാമിനർ വിലയിരുത്തും. പുലിമുട്ട് നിർമ്മാണത്തിനായി കൊണ്ടുവരുന്ന പാറകളുടെ തൂക്കം വിലയിരുത്തുന്നതിന് വേ ബ്രിഡ്ജിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.

അതേസമയം മണൽത്തിട്ട നീക്കം ചെയ്യുന്നതിനായി ചന്ദ്രഗിരി ഡ്രഡ്ജറിന്റെ തകരാറുകൾ പരിഹരിക്കുന്നതിനായുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനായി ഹൈദരാബാദിൽ നിന്ന് വിദഗ്ദ്ധരെയെത്തിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ മണൽ നീക്കുന്ന പ്രവർത്തനങ്ങളും പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഹാർബർ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രഡ്ജ് ചെയ്യുന്നതിനുള്ള ചുമതല നാഷണൽ ഹൈവേ അതോറിട്ടിക്ക് നൽകാനും,ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണൽ ദേശീയപാത അതോറിട്ടിക്ക് നൽകാനുമുള്ള ചർച്ചകൾ പുരോഗമിക്കുന്നു. എറണാകുളം,തൃശൂർ ഭാഗങ്ങളിലെ സ്വകാര്യ കമ്പനികളിൽ നിന്നും അത്യാധുനിക ഡ്രഡ്ജറുകൾ എത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

പദ്ധതിച്ചെലവ് - 177 കോടി രൂപ

പദ്ധതിയുടെ ഭാഗമായി തെക്കേ പുലിമുട്ടിന്റെ നീളം 425 മീറ്റർ വർദ്ധിപ്പിക്കും.