പക്ഷിപ്പനി നഷ്ടപരിഹാരത്തിൽ 12ശതമാനം കിട്ടാതെ കർഷകർ

Friday 15 August 2025 2:44 AM IST

ആലപ്പുഴ : പക്ഷിപ്പനിയിൽ ചത്തതും കൊന്നൊടുക്കിയതുമായ താറാവുകൾക്കുള്ള നഷ്ടപരിഹാരത്തുകയിൽ നിന്ന് സർക്കാർ പിടിച്ചുവച്ച 12 ശതമാനം തുക ഒരുവർഷമായിട്ടും ലഭിക്കാതെ താറാവ് കർഷകർ. കഴിഞ്ഞ മാർച്ച് 31ന് മുമ്പ് ഇത് നൽകുമെന്ന് മന്ത്രി ചിഞ്ചുറാണി ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

2024 ഏപ്രിലിലെ പക്ഷിപ്പനിയിൽ കൊന്നൊടുക്കിയ പക്ഷികളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരം 50ശതമാനം വീതം കേന്ദ്രവും സംസ്ഥാനവുമാണ് നൽകേണ്ടിയിരുന്നത്. ഇതിൽ രണ്ടുമാസത്തിലധികം വളർച്ചയുള്ള താറാവുകൾക്കും കോഴികൾക്കും 200 രൂപ വീതവും അതിന് താഴെയുള്ളവയ്ക്ക് നൂറ് രൂപവീതവുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വിതരണം ചെയ്തപ്പോൾ ഇതിൽ 12ശതമാനം കുറച്ചാണ് (200 രൂപ ലഭിക്കേണ്ടിടത്ത് 176 രൂപ) നൽകിയത്.

കടക്കെണിയിൽ കുടുംബങ്ങൾ

1. സീസണല്ലാത്ത സാഹചര്യവും കാലവർഷവും കാരണം കടക്കെണിയിലായ കർഷകർ നിത്യവൃത്തിയ്ക്ക് മാർഗമില്ലാത്ത നിലയിലാണ്

2. കഴിഞ്ഞ സീസണിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാതിരുന്നതിനാൽ നിയന്ത്രണങ്ങൾ നീങ്ങിയതിന് പിന്നാലെ കുട്ടനാട്ടിലുൾപ്പെടെ വീണ്ടും താറാവ് കൃഷി തുടങ്ങി

3. കർഷകർ കൃഷിയിൽ വീണ്ടും സജീവമാകുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി ഇവരെ കാര്യമായി ബാധിക്കുന്നുണ്ട്

4. പണത്തിനായി കർഷകരും സംഘടനാ നേതാക്കളും മന്ത്രിയുൾപ്പെടെയുള്ളവരെ പലതവണ ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല

നഷ്ടപരിഹാരം ലഭിക്കാനുള്ള കർഷകർ (ജില്ല തിരിച്ച്)

ആലപ്പുഴ.......................899

പത്തനംതിട്ട.................. 48

കോട്ടയം........................213

ഇനി നൽകാനുള്ളത് : 36.72 ലക്ഷം

പക്ഷിപ്പനി നഷ്ടം (2024)

ചത്ത പക്ഷികൾ........ 63,208

കൊന്നൊടുക്കിയത്..... 1,92,628

നശിപ്പിച്ച തീറ്റ .................99,104 കിലോ

നശിപ്പിച്ച മുട്ട.................. 41,162 എണ്ണം

നഷ്ടപരിഹാര കുടിശികയും പക്ഷിപ്പനി പ്രതിരോധത്തിനുള്ള വാക്സിനും ലഭ്യമാക്കാൻ പല തവണ മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിയെയും വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കർഷകരുടെ ദുരിതവും പ്രയാസങ്ങളും അറിയിക്കാനാണ് മന്ത്രിയെ വിളിച്ചത്. കാലവർഷം വന്നതോടെ കർഷകരും കുടുംബങ്ങളും ദുരിതത്തിലാണ്. ഓണാഘോഷത്തിനും പണമില്ലാത്ത സ്ഥിതിയാണ്

- കെ. ശാമുവൽ, സെക്രട്ടറി,ഐക്യതാറാവ് കർഷക സംഘം