തണൽമരങ്ങളുടെ ചില്ല വെട്ടി;നീർക്കാക്കകൾ ചത്തു

Thursday 14 August 2025 10:50 PM IST

ന്യൂമാഹി: റോഡരികിലെ തണൽമരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റുന്നതിനിടെ മൂന്ന് നീർക്കാക്കകൾ ചത്ത സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം കണ്ണവം വനംവന്യജീവി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. പക്ഷി കാഷ്ഠം വീഴുന്നതായി പൊതുജനങ്ങളിൽനിന്ന് ലഭിച്ച പരാതിയെ തുടർന്ന്, ന്യൂമാഹി ടൗണിലെ രണ്ട് തണൽമരങ്ങളുടെ ചില്ലകൾ കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയിരുന്നു. ഈ സമയത്ത് മരത്തിൽ കൂട് കൂട്ടിയിരുന്ന പക്ഷികളുടെ മുട്ടകളും നശിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നീർക്കാക്കകളെ ന്യൂമാഹി വെറ്ററിനറി സർജൻ പോസ്റ്റ്‌മോർട്ടം നടത്തി. മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റി പക്ഷികളുടെ ആവാസവ്യവസ്ഥയെ നശിപ്പിച്ചതിൽ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിച്ചു. എത്രയോ കാലമായി സമാധാനത്തോടെ ജീവിച്ചിരുന്ന നൂറുകണക്കിന് പക്ഷി കുടുംബങ്ങൾ മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായതായി ചിത്രകാരനും പരിസ്ഥിതി പ്രവർത്തകനുമായ പാരിസ് മോഹൻകുമാർ പ്രതികരിച്ചു. അതേസമയം പക്ഷി കാഷ്ഠം മൂലം വഴിയാത്രക്കാർക്ക് നേരിടേണ്ടി വന്ന ദുരിതത്തിൽ നിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ഒരുകൂട്ടം നാട്ടുകാർ.