ഉരുക്കുമുഷ്ടിയുടെ കരുത്തുണ്ട്, വിഴിഞ്ഞത്ത് ഇനി കപ്പൽ ഉലയില്ല
വിഴിഞ്ഞം: കപ്പലുകൾ ബെർത്തിൽ ബലപ്പെടുത്താൻ പുത്തൻ ഉപകരണം വിഴിഞ്ഞത്തെത്തി. ഇന്ത്യയിലെ തുറമുഖങ്ങളിൽ ആദ്യമായാണ് ഇതെത്തുന്നത്. ഇതോടെ ഇനി വിഴിഞ്ഞത്ത് കപ്പലുകൾ ആടിയുലയുകയില്ല.
ഇതുവരെ വിഴിഞ്ഞത്തെത്തിയ കപ്പലുകളെ പോളിപ്രൊപ്പലൈൻ വടങ്ങൾ ഉപയോഗിച്ചായിരുന്നു പിടിച്ച് കെട്ടിയിരുന്നത് (മൂറിംഗ്). മൂറിംഗ് നടത്തിയാലും തിരകളിൽ കപ്പലുകൾക്ക് ചെറിയ ചാഞ്ചാട്ടം ഉണ്ടാകുമായിരുന്നു. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന സാഹചര്യങ്ങളിൽ മൂറിംഗ് കേബിളുകളെ നിയന്ത്രിച്ച് നിറുത്തുന്ന ഷോർ ടെൻഷനാണ് അന്താരാഷ്ട്ര തുറമുഖത്ത് ഇന്നലെയെത്തിച്ചത്. വിദേശ നിർമ്മിത ഉപകരണമാണിത്. തിരയടിയിൽ കപ്പലുകൾക്ക് അനക്കം തട്ടില്ല. ഉപകരണത്തിലെ ഉരുക്ക് നിർമ്മിത വടം ഉപയോഗിച്ച് കൂടെ ബന്ധിപ്പിക്കും. ഇതോടെ കപ്പലും ബെർത്തും തമ്മിലുള്ള അകലം കുറഞ്ഞ് ബെർത്തിനോട് ചേർന്ന് ഉറച്ചുനിൽക്കുമെന്ന് തുറമുഖ അധികൃതർ പറഞ്ഞു. ഏഴ് കോടിയോളം രൂപ വിലവരുന്ന ഈ ഉപകരണം നെതർലന്റിൽ നിന്ന് വാട്ടർ ലൈൻ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിറ്റ് കമ്പനി മുഖാന്തിരം എം.എസ്.സി ലിസ്ബൺ എന്ന ചരക്കുകപ്പലിലാണ് എത്തിച്ചത്. വൈകാതെ ഈ ഉപകരണം ബെർത്തിൽ ഉറപ്പിക്കും. ഒന്നിലധികം കപ്പലുകൾ ബെർത്ത് ചെയ്യാനുള്ള സൗകര്യമുള്ളതിനാൽ ഈ ഉപകരണങ്ങൾ കൂടുതൽ എത്തിയേക്കും.