'ടൗൺ പോസ്റ്റ് ഓഫീസ് നിറുത്തരുത്'
ചാലക്കുടി: രാജഭരണകാലം മുതൽ പാലസ് റോഡിൽ പ്രവർത്തിക്കുന്ന ചാലക്കുടി ടൗൺ പോസ്റ്റ് ഓഫീസ് നിറുത്തലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. ആർ.ഡി കളക്്ഷനിൽ ഒന്നാം സ്ഥാനവും നിരവധി സ്ഥാപനങ്ങളും പൊതുജനങ്ങളും ആശ്രയിക്കുന്നതാണ് ഈ പോസ്റ്റ് ഓഫീസ്. സ്വന്തമായുള്ള 20 സെന്റ് ഭൂമിയിലെ കെട്ടിടത്തിലാണ് വർഷങ്ങൾക്ക് മുൻപ് പ്രവർത്തിച്ചിരുന്നത്. എന്നാൽ കാലപ്പഴക്കത്തിൽ കെട്ടിടം നശിച്ചതോടെ വാടക കെട്ടിടത്തിലേക്ക് മാറ്റി. പുതിയ കെട്ടിട നിർമ്മാണത്തിനായി പണം അനുവദിച്ചെങ്കിലും നിർമ്മാണം ആരംഭിച്ചില്ല. ടൗൺ പോസ്റ്റ് ഓഫീസ് നിറുത്താനുള്ള നീക്കത്തിനെതിരെ ചോല ആർട്ട് ഗാലറിയിൽ ചേർന്ന നാട്ടുകാരുടെ യോഗം പ്രതിഷേധിച്ചു. നഗരസഭാ കൗൺസിലർ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി.ജെ.ജോജി അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ ദീപു ദിനേശ്, വിൽസൻ കല്ലൻ, കെ.മുരാരി, എൻ.ഗോവിന്ദൻകുട്ടി, ശശിധരൻ പയ്യപ്പിള്ളി, ടി.സോമനാഥ് തുടങ്ങിയവർ സംസാരിച്ചു.