കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ആശുപത്രി വിട്ടു

Friday 15 August 2025 1:07 AM IST

തിരുവനന്തപുരം: ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി

അഫാൻ ആശുപത്രി വിട്ടു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ആത്മഹത്യാശ്രമത്തിനിടെ അഫാന്റെ കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചെങ്കിലും വേഗത്തിൽ ആരോഗ്യനില മെച്ചപ്പെടുകയായിരുന്നു. ജൂൺ 25നാണ് അഫാൻ പൂജപ്പുര സെൻട്രൽ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ വേഗത്തിലാക്കാനിരിക്കെയായിരുന്നു അഫാന്റെ ആത്മഹത്യാശ്രമം.

ഫെബ്രുവരി 24നാണ് കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലപാതകങ്ങൾ നടന്നത്. വെഞ്ഞാറമൂട് പെരുമല ആർച്ച് ജംഗ്ഷനിലെ വീട്ടിൽ അഫാൻ അഞ്ച് പേരെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അച്ഛന്റെ അമ്മ സൽമാ ബീവി, പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ ഷാഹിദ ബീവി, സഹോദരൻ അഹ്സാൻ, സുഹൃത്ത് ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങൾക്ക് ശേഷം അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.