മക്കളോട് പറഞ്ഞത് അമ്മയ്ക്ക് വയ്യെന്ന്; സംഭവം പുറത്തറിഞ്ഞത് പഞ്ചസാര വാങ്ങാന്‍ വന്ന അയല്‍വാസി ബാലനിലൂടെ
നേമം: തങ്ങളെ ഒരുക്കിവിടാതെ മൂടിപ്പുതച്ചുറങ്ങുന്ന അമ്മയെ കണ്ടാണ്,കല്ലിയൂരില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ ബിന്‍സിയുടെ രണ്ട് മക്കളും ഇന്നലെ സ്‌കൂളില്‍ പോയത്. 'അമ്മ എന്താ എണീക്കാത്തത്...' എന്ന മക്കളുടെ ചോദ്യത്തിന്...'അവള്‍ക്ക് സുഖമില്ലെന്നാണ്' സുനില്‍ പറഞ്ഞത്.
ബുധനാഴ്ച രാത്രി 9ഓടെയാണ് സുനില്‍ ഭാര്യയും ഹരിതകര്‍മ്മ സേനാംഗവുമായ ബിന്‍സിയെ കൊലപ്പെടുത്തുന്നത്. ആസമയത്ത് മഴ പെയ്തതിനാല്‍, സമീപവാസികളും ഉറക്കത്തിലായിരുന്ന ബിന്‍സിയുടെ മക്കളും സംഭവമറിഞ്ഞില്ല. രണ്ട് മുറികളുള്ള ഒരു കൊച്ചുവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. സുനിലും ബിന്‍സിയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.
ബിന്‍സിയെ കൊലപ്പെടുത്തിയശേഷം തറയില്‍തന്നെ പുതപ്പിച്ചുകിടത്തിയ സുനില്‍ മക്കള്‍ക്കരികില്‍ വന്ന് കിടന്നുറങ്ങുകയും ചെയ്തു. ഇന്നലെ രാവിലെ ഏഴോടെ ഉറക്കമെണീറ്റ സുനില്‍,ജംഗ്ഷനിലുള്ള ഹോട്ടലില്‍ പോയി ആഹാരം വാങ്ങി. ഇതു കഴിപ്പിച്ചശേഷം കുട്ടികളെ ഇയാള്‍ സ്‌കൂളില്‍ കൊണ്ടാക്കുകയും ചെയ്തിരുന്നു.
അടുത്ത വീട്ടിലെ കുട്ടി പഞ്ചസാര കടം വാങ്ങിക്കാനെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
മുറിയില്‍ രക്തംകണ്ട് സംശയം തോന്നിയ 12കാരന്‍ പുതപ്പുമാറ്റി നോക്കിയപ്പോഴാണ്, കഴുത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിയ നിലയില്‍ കിടക്കുന്ന ബിന്‍സിയെ കണ്ടത്. ഉടന്‍ കുട്ടി ഓടിയിറങ്ങി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. എല്ലാവരോടും നന്നായി സംസാരിക്കുന്ന ബിന്‍സിയുടെ ദാരുണാന്ത്യത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.
നഷ്ടമായത് തങ്ങളുടെ കൂടെപ്പിറപ്പിനെയെന്ന്
തങ്ങളുടെ കൂടെപ്പിറപ്പിനെയാണ് നഷ്ടമായതെന്ന് ഹരിതകര്‍മ്മ സേനാംഗങ്ങളും നാട്ടുകാരും പറയുന്നു. കഴിഞ്ഞ 5 വര്‍ഷമായി ഹരിതകര്‍മ്മ സേനയില്‍ ജോലി ചെയ്യുന്ന ബിന്‍സി ബുധനാഴ്ച രാത്രിയിലും അടുത്തമാസം നടത്താനിരിക്കുന്ന ഓണാഘോഷത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. പുന്നമൂട് ഗവണ്‍മെന്റ് സ്‌കൂളില്‍, ഓണാഘോഷത്തിന്റെ ഭാഗമായി ഈ വരുന്ന ശനിയാഴ്ച സ്പോര്‍ട്‌സ് നടത്താനും, 28ന് ഓണസദ്യ നടത്താനും ഗൂഗിള്‍ മീറ്റിലെ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. അതിന്റെ ചുമതലക്കാരിയായി ബിന്‍സിയെ തിരഞ്ഞെടുത്തിരുന്നതായും സരിത,വനജ,നിഷ എന്നിവരടക്കമുള്ള ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പറഞ്ഞു. എന്തുകാര്യം ഏല്പിച്ചാലും അത് ആത്മാര്‍ത്ഥമായി ചെയ്തുതീര്‍ക്കുന്ന ശീലമായിരുന്നു ബിന്‍സിയുടേത്. അതുകൊണ്ട് എല്ലാവര്‍ക്കും ഏറെയിഷ്ടമായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.