വിഭജനത്തിന്റെ നാളുകൾ മറക്കരുത്: രാഷ്ട്രപതി

Friday 15 August 2025 12:13 AM IST

ന്യൂഡൽഹി: രാജ്യ വിഭജനത്തിന്റെ നാളുകൾ ഒരിക്കലും മറക്കരുതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുർമു. നമ്മൾ വിഭജന ഭീതി ദിനം ആചരിച്ചു. വിഭജനം സൃഷ്ടിച്ച വേദന നമ്മൾ മറക്കരുത്. വിഭജന ഭീതി ദിനം ആചരിക്കുമ്പോൾ ആ സമയത്തുണ്ടായ അക്രമങ്ങളും ലക്ഷക്കണക്കിനാളുകൾക്ക് പലായനം ചെയ്യേണ്ടിവന്നതും ഓർമ്മിക്കണം. ചരിത്രപരമായ മണ്ടത്തരത്തിന്റെ ഇരകൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.

ഭീകരവാദത്തിനെതിരായ മനുഷ്യത്വത്തിന്റെ പോരാട്ടമായി ഓപ്പറേഷൻ സിന്ദൂർ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുത്തും. രാജ്യത്ത് ഭിന്നതയുണ്ടാക്കാൻ ആഗ്രഹിച്ചവർക്കുള്ള നമ്മുടെ കൃത്യമായ മറുപടിയായിരുന്നു അത്. വിവിധ രാഷ്ട്രീയ പാർട്ടികളുൾപ്പെട്ട പാർലമെന്ററി പ്രതിനിധി സംഘം ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശപര്യടനം നടത്തിയത് രാജ്യത്തിന്റെ ഐക്യത്തിന്റെ തെളിവാണ്. ഇന്ത്യയുടെ നിലപാട് ലോകം ശ്രദ്ധിച്ചു. അത് ആക്രമണത്തിന്റേതല്ല, സ്വന്തം പൗരൻമാരെ പ്രതിരോധിക്കാനുള്ള നടപടിയായിരുന്നു. 79 വർഷം കൊണ്ട് രാജ്യം ഒരുപാട് മുന്നേറി. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണ്. വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. പിന്നാക്ക സംസ്ഥാനങ്ങൾ ഇന്ന് വികസനത്തിന്റെ പാതയിലാണ്. 2047 ആകുമ്പോഴേക്കും ഇന്ത്യ വികസിത രാജ്യമാകുമെന്നും രാഷ്ട്രപതി പറഞ്ഞു.

ജീവൻ ത്യജിച്ചവർക്ക്

ആദരം

രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച സ്വാതന്ത്ര്യ സമരസേനാനികൾക്ക് ആദരം അർപ്പിക്കുന്നു. 79 വർഷം കൊണ്ട് രാജ്യം ഏറെ മുന്നേറി. നമ്മുടെ ഭരണഘടന ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തൂണുകളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും എല്ലാ ഇന്ത്യക്കാരും വളരെ ആവേശത്തോടെ ആഘോഷിക്കുന്നു. നമ്മുടെ ഭരണഘടനയും ജനാധിപത്യവുമാണ് മറ്റെല്ലാത്തിനെക്കാളും വലുത്. എല്ലാ മനുഷ്യരും തുല്യരാണ്, എല്ലാവരും മാന്യമായി പരിഗണിക്കപ്പെടാൻ അർഹരാണ്. ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും എല്ലാവർക്കും തുല്യതയുണ്ടായിരിക്കണം. എല്ലാവർക്കും തുല്യ അവസരം ലഭിക്കണം. പരമ്പരാഗതമായി പിന്നാക്കാവസ്ഥയിലായിരുന്നവർക്ക് ഒരു സഹായഹസ്തം നീട്ടേണ്ടതുണ്ട്. - രാഷ്ട്രപതി പറഞ്ഞു.