ഭർത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി, യോഗിക്ക് നന്ദി പറഞ്ഞ നേതാവിനെ പുറത്താക്കി എസ്.പി
ലക്‌നൗ: ഭർത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി നീതി നൽകിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥിനോട് നന്ദി പറഞ്ഞ് സമാജ്‌വാദി പാർട്ടി നേതാവ്. പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്ത്. എം.എൽ.എ പൂജാ പാലിനെയാണ് യോഗിയെ പുകഴ്ത്തിയതിനുപിന്നാലെ എസ്.പി നേതാവ് അഖിലേഷ് യാദവ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം, അച്ചടക്ക ലംഘനം എന്നിവയുടെ പേരിലാണ് നടപടി. ഉത്തർപ്രദേശ് നിയമസഭയിൽ 'വിഷൻ ഡോക്യുമെന്റ് 2047" എന്ന വിഷയത്തിൽ നടന്ന മാരത്തൺ ചർച്ചയ്ക്കിടെയാണ് പൂജ യോഗിയെ പുകഴ്ത്തി സംസാരിച്ചത്.
മറ്റാരും കേൾക്കാതിരുന്നപ്പോൾ തന്നെ കേട്ടത് യോഗിയാണെന്നും അദ്ദേഹത്തെ മുഴുവൻ സംസ്ഥാനവും വിശ്വാസത്തോടെയാണ് കാണുന്നുവെന്നും പൂജ പാൽ പറഞ്ഞു.
യോഗിയുടെ ' സീറോ ടോളറൻസ് " നയങ്ങളെയും പ്രശംസിച്ചു. 2005ലാണ് പൂജയുടെ ഭർത്താവും മുൻ ബി.എസ്.പി എം.എൽ.എയുമായ രാജു പാൽ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഈ കേസിൽ പ്രതിയായ അതീഖ് അഹമ്മദ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടു.
'എല്ലാവർക്കുമറിയാം എന്റെ ഭർത്താവിനെ കൊന്നതാരാണെന്ന്. എനിക്ക് നീതി ലഭ്യമാക്കിയതിനും മറ്റാരും കേൾക്കാതിരുന്നപ്പോൾ എന്നെ കേട്ടതിനും മുഖ്യമന്ത്രിയോട് നന്ദി പറയുന്നു. കുറ്റകൃത്യങ്ങളോട് സന്ധിയില്ലാത്ത നയങ്ങളാണിവിടെ. പ്രയാഗ്‌രാജിലെ എന്നെപ്പോലെയുള്ള അനേകം സ്ത്രീകൾക്ക് അദ്ദേഹം നീതി ലഭ്യമാക്കി. ഇന്ന് മുഴുവൻ സംസ്ഥാനവും അദ്ദേഹത്തെ വിശ്വാസത്തോടെയാണ് നോക്കുന്നത്. എന്റെ ഭർത്താവിനെ കൊന്നയാളെ മണ്ണോടു ചേർക്കാനുള്ള ജോലി മുഖ്യമന്ത്രി ചെയ്തു"- പുറത്താക്കലിനുപിന്നാലെ പൂജ പറഞ്ഞു.
പൂജയുമായുള്ള വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം 2005 ജനുവരി 25നാണ് രാജു പാൽ കൊല്ലപ്പെടുന്നത്. 2004ൽ പ്രയാഗ്രാജ് വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പിൽ രാജു പരാജയപ്പെടുത്തിയത് അതീഖ് അഹമ്മദിന്റെ സഹോദരൻ അഷ്രഫിനെയാണ്. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. 2023ൽ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലും വെടിയേറ്റു മരിച്ചു.
ദിവസങ്ങൾക്കകം അതീഖിനെയും അഷ്‌റഫിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ്‌രാജിലേക്ക് മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടുപോകും വഴി പ്രതികൾ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ അതീഖിന്റെ മകനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.