രേണുകാ സ്വാമി കൊലക്കേസ്: കന്നട താരം ദർശന്റെ ജാമ്യം റദ്ദാക്കി

Friday 15 August 2025 12:14 AM IST

ന്യൂഡൽഹി: രേണുകാ സ്വാമി കൊലക്കേസിൽ കന്നട നടൻ ദർശന് ക‌ർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി വിമർശനത്തോടെ റദ്ദാക്കി. ജാമ്യം അനുവദിച്ചതിൽ ഹൈക്കോടതി ഗുരുതര പിഴവ് വരുത്തിയെന്ന് വിലയിരുത്തിയാണ് നടപടി. ഗുരുതരമായ കുറ്റങ്ങൾ ഉൾക്കൊള്ളുന്ന കേസിന്റെ വസ്‌തുതകൾ ഹൈക്കോടതി കണക്കിലെടുത്തില്ല. ജാമ്യം നൽകിയതിന് അടിസ്ഥാനമാക്കിയ നിയമപരമായ കാരണങ്ങൾ വ്യക്തമാക്കിയില്ല. വിചാരണ പോലും ആരംഭിക്കാത്ത കേസിൽ സാക്ഷിമൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് പറഞ്ഞാണ് ജാമ്യം നൽകിയത്. ക‌ർണാടക ഹൈക്കോടതി നടപടി നീതിന്യായ നിർവഹണത്തിന് ഭീഷണിയാണ്. വിചാരണയെ താളം തെറ്റിക്കുമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കൂട്ടുപ്രതികളായ നടി പവിത്ര ഗൗഡ, അനു കുമാർ, ജഗ്ഗ എന്ന ജഗദീഷ്, എം. ലക്ഷ്‌മൺ, പ്രദോഷ് എസ്. റാവു, ആർ. നാഗരാജു എന്നിവരുടെയും ജാമ്യം റദ്ദാക്കി. കർണാടക സർക്കാരാണ് അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് കാട്ടിയാണ് ദർശനും കൂട്ടരും ആരാധകനായ രേണുകാ സ്വാമിയെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. 2024 ജൂണിലായിരുന്നു സംഭവം.

 വി.ഐ.പി ട്രീറ്ര്‌മെന്റ് വേണ്ട

ആരും നിയമത്തിന് മുകളിൽ അല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ദർശന് ജയിലിൽ വി.ഐ.പി പരിഗണന നൽകരുതെന്ന് കർണാടക സ‌ർക്കാരിനും ജയിൽ അധികൃതർക്കും നിർദ്ദേശം നൽകി. ഫൈവ് സ്റ്റാർ പരിഗണന നൽകുന്നുണ്ടെന്ന് അറിഞ്ഞാൽ ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി. ഈ ഉത്തരവ് എല്ലാ സംസ്ഥാനങ്ങൾക്കും ജയിലുകൾക്കും അയച്ചു കൊടുക്കാനും ഉത്തരവിട്ടു.