ഉണർന്നാൽ അപ്പൊ തലയ്ക്കടി, ഹൈക്കോടതി മുൻ ജഡ്ജിയുടെ വീട്ടിൽ വൻ കവർച്ച
ന്യൂഡൽഹി: നല്ല ഉറക്കത്തിലാണ്. എങ്ങാനും ഉണർന്നാൽ തലയ്ക്കിട്ടടിക്കാൻ കാത്തുനിൽക്കുകയാണ് ഒരു കള്ളൻ. കൂടെയുള്ളയാൾ ലോക്കറുൾപ്പെടെ പരിശോധിക്കുന്നു. കഴിഞ്ഞ ദിവസം റിട്ട. ജഡ്ജി മേശ് ഗാർഗിന്റെ വീട്ടിൽ നടന്ന വൻ കവർച്ചയുടെ സി.സി ടി.വി ദൃശ്യങ്ങൾ കണ്ടവർ ഞെട്ടി. മദ്ധ്യപ്രദേശിൽ റിട്ട. ജഡ്ജി രമേഷ് ഗാർഗിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ മൂന്നംഗസംഘം അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവർന്നു. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ഇൻഡോർ വിജയ്‌നഗറിലെ വീട്ടിൽ മോഷണം നടന്നത്. നാലുമിനിറ്റും പത്തുസെക്കൻഡും കൊണ്ട് കവർച്ച നടത്തി മടങ്ങി. സുരക്ഷാജീവനക്കാരനും അലാം സംവിധാനവുമുള്ള വീട്ടിലാണ് നിഷ്പ്രയാസം ഇവർ കയറിയത്. പ്രധാന ഗേറ്റ് കടന്ന് ജനൽക്കമ്പികൾ മുറിച്ച് അകത്തുകടന്നപ്പോഴും സുരക്ഷാജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടില്ല. രമേഷ് ഗാർഗിന്റെ മകൻ റിതിക് കിടന്നുറങ്ങിയിരുന്ന മുറിയിലാണ് കവർച്ച നടന്നത്.
രണ്ടുപേർ മുറിയിൽ കയറിയപ്പോൾ ഒരാൾ പുറത്ത് കാവൽനിന്നു. ഒരാൾ അലമാരയിൽനിന്ന് പണവും ആഭരണങ്ങളും എടുത്തു. മറ്റൊരാൾ റിതികിന് സമീപം ഇരുമ്പുവടിയുമായി നിന്നു. റിതിക് ഉണർന്നാൽ അപ്പോൾ തന്നെ അടിച്ചുവീഴ്ത്തുകയായിരുന്നു ലക്ഷ്യം.
ഈ സമയം വീട്ടിലെ സുരക്ഷാ അലാം മുഴങ്ങി. എന്നിട്ടും റിതിക് എഴുന്നേറ്റില്ല. ഉണരാതിരുന്നതാണോ അതോ മോഷ്ടാക്കളെ ഭയന്ന് ഉറക്കം നടിച്ച് കിടന്നതാണോയെന്ന് വ്യക്തമല്ല. റിതിക്കിന്റെ ഭാര്യയും കുട്ടികളും ഉൾപ്പെടെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. ഇവരും മോഷണവിവരം അറിഞ്ഞില്ല. ഇതേദിവസം തന്നെ സമീപ പ്രദേശങ്ങളിലെ പല വീടുകളിലും കവർച്ച നടന്നു. സംഘടിതമായി മോഷണം നടത്തുന്നതിന്റെ നിരവധി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉമാകാന്ത് ചൗധരി പറഞ്ഞു.