പോക്സോ കോടതിയിലെ പണം തട്ടിപ്പിൽ വിശദ അന്വേഷണം
Friday 15 August 2025 1:24 AM IST
തിരുവനന്തപുരം: കാട്ടാക്കട പോക്സോ കോടതിയിലെ പണം തിരിമറി ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊലീസിന് നിർദ്ദേശം. ഹൈക്കോടതി അഭിഭാഷകനായ കുളത്തൂർ ജയ്സിംഗിന്റെ പരാതിയിലാണ് ഡി.ജി.പിയോട് സർക്കാർ നിർദ്ദേശം നൽകിയത്.
കോടതിയിൽ പ്രതികൾ അടച്ച തുകയും ട്രഷറിയിലേക്ക് അയച്ച തുകയും തമ്മിൽ അന്തരമുണ്ടെന്നാണ് ആരോപണം. ഒരു ജീവനക്കാരൻ കോടതിയിൽ അടയ്ക്കേണ്ട ഒരുലക്ഷം രൂപ തട്ടിയെന്നും ആരോപണമുണ്ട്. മറ്റൊരു ജീവനക്കാരനാണ് സമൂഹമാദ്ധ്യമത്തിലൂടെ ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. കാട്ടാക്കട പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ജഡ്ജിയുടെ ഉൾപ്പെടെ മൊഴിയെടുക്കാനായില്ല. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ ആവശ്യം.