സി.പി.എമ്മും കോൺ. വോട്ടുകൊള്ളക്കാരെന്ന് ബി.ജെ.പി : കള്ളവോട്ടിന്മേൽ അടി, തിരിച്ചടി !

Friday 15 August 2025 12:33 AM IST

തൃശൂർ: കള്ളവോട്ട് ആരോപണം കൊഴുക്കവേ, സി.പി.എമ്മും കോൺഗ്രസും കള്ളവോട്ടുകൾ ചേർത്തുവെന്ന് തെളിയിക്കുമെന്ന പ്രഖ്യാപനവുമായി ബി.ജെ.പി രംഗത്ത്. വ്യാജ വോട്ടർ പട്ടികയുണ്ടാക്കിയെന്ന് തെളിഞ്ഞ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമുള്ള നിലപാടിലാണ് സി.പി.ഐ. നാളെ സി.പി.ഐയുടെ നേതൃത്വത്തിൽ രാവിലെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തും. അടുത്ത ദിവസങ്ങളിൽ എൽ.ഡി.എഫും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇനിയും ഇത്തരത്തിൽ വോട്ട് ചേർക്കുമെന്നാണ് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വെല്ലുവിളിക്കുന്നത്. തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും അത് ഇനിയും ആവർത്തിക്കുമെന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ക്രമക്കേടിന് പരാതി നൽകിയിരുന്നു: കെ.പി.രാജേന്ദ്രൻ

തിരഞ്ഞെടുപ്പിനു മുമ്പും ശേഷവും വോട്ടർ പട്ടികയിൽ ക്രമിക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നെന്ന് വി.എസ്.സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് മുഖ്യ ഏജന്റായിരുന്ന കെ.പി.രാജേന്ദ്രൻ. പരാതികൾ ലഭിച്ചില്ലെന്ന കമ്മിഷന്റെ നിലപാട് വസ്തുതാവിരുദ്ധമാണ്. സൂചന ലഭിച്ചപ്പോൾ 2024 മാർച്ച് 25ന് പരാതി നൽകിയിരുന്നു. ഏപ്രിൽ 25ന് വീണ്ടും പരാതി നൽകി. വോട്ടെടുപ്പ് ദിനമായ 26ന് ക്രമവിരുദ്ധമായ വോട്ടുകൾ ഉൾപ്പെടുത്തിയ പട്ടികയാണ് ഉദ്യോഗസ്ഥർ കൊണ്ടുവന്നത്. പാർട്ടിയുടെ പോളിംഗ് ഏജന്റുമാർ ചോദ്യം ചെയ്തതിനെ തുടർന്ന് ഹരിശ്രീ സ്‌കൂളിലെത്തിയവർ മടങ്ങി. 27ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുഖ്യ നിരീക്ഷക വിളിച്ചുകൂട്ടിയ യോഗത്തിലും ക്രമക്കേടിനെക്കുറിച്ച് ബോദ്ധ്യപ്പെടുത്തി - കെ.പി.രാജേന്ദ്രൻ പറഞ്ഞു.

ഓഫീസിൽ താമസമില്ല: മുൻ ഓഫീസ് സെക്രട്ടറി

ബി.ജെ.പി ഓഫീസ് കേന്ദ്രീകരിച്ച് കള്ളവോട്ട് ചേർത്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. മുൻ കമ്മിറ്റി ഓഫീസായ ദീൻദയാൽ സ്മൃതിമന്ദിരത്തിന്റെ പേരിലാണ് പത്ത് വോട്ടുകൾ. ഓഫീസിൽ ആരും സ്ഥിരതാമസമുണ്ടായിട്ടില്ല. സംഘടനാ സെക്രട്ടറി മാത്രമേ പലപ്പോഴും ഓഫീസിൽ താമസമുള്ളൂ. ഈ ഓഫീസിന്റെ പേരിൽ പത്ത് വോട്ട് ചേർത്തതായി വി.എസ്.സുനിൽ കുമാർ തെളിവുകൾ പുറത്തു വിട്ടിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് ക്രമക്കേടിന് ഇലക്ഷൻ കമ്മിഷൻ തന്നെ വഴിയൊരുക്കുന്നു. മുൻ കാലങ്ങളിൽ ഇലക്ടറൽ ഐ.ഡി വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇതിലൂടെ അപേക്ഷകന് തന്റെ വോട്ടിന്റെ വിവരങ്ങൾ തത്സമയം അറിയാമായിരുന്നു. എന്നാൽ ഇപ്പോഴുള്ള സോഫ്‌റ്റ് വെയറിൽ ഈ സംവിധാനമില്ല. ഈ മാറ്റം കരുതിക്കൂട്ടിയാണോ തെറ്റുപറ്റിയതാണോയെന്ന് ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കണം. ഈ സാഹചര്യം മുതലെടുക്കാൻ ബി.ജെ.പിയും സി.പി.എമ്മും തക്കം പാർത്തിരിക്കുകയാണ്.

അഡ്വ:ജോസഫ് ടാജറ്റ്

ഡി.സി.സി പ്രസിഡന്റ്