ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും

Friday 15 August 2025 2:45 AM IST

ശിവഗിരി : ഗുരുധർമ്മപ്രചരണ സഭയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളും ചിങ്ങം 1 മുതൽ കന്നി 9 വരെ ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും നടത്തും. ജപം, പ്രഭാഷണം എന്നിവയെ ഉൾക്കൊള്ളിച്ച് രണ്ടായിരത്തോളം പ്രാർത്ഥനാ യോഗങ്ങൾ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കും.

ശിവലിംഗ സ്വാമി, ഭൈരവൻ സ്വാമി, ചൈതന്യ സ്വാമി, ശാന്തലിംഗ സ്വാമി, സത്യവ്രത സ്വാമി, ബോധാനന്ദ സ്വാമി, ഡോ. പൽപ്പു , കുമാരനാശാൻ, ടി.കെ മാധവൻ, സഹോദരൻ അയ്യപ്പൻ, സി.കൃഷ്ണൻ വക്കീൽ, ആർ.ശങ്കർ, പത്രാധിപർ കെ.സുകുമാരൻ, സി.ആർ. കേശവൻ വൈദ്യർ തുടങ്ങി സന്യസ്ഥ ഗൃഹസ്ഥ ശിഷ്യരിലൂടെ നടന്ന ഗുരുദേവ സന്ദേശ പ്രചാരണം എന്നതാണ് പ്രധാന പ്രഭാഷണ വിഷയം.

39 ദിവസങ്ങളിലായി നടത്തുന്ന പ്രഭാഷണ പരമ്പരയിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി , സ്വാമി ദേശികാനന്ദയതി, സ്വാമി വിരജാനന്ദഗിരി, ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ, മാസിക മാനേജർ സ്വാമി സുരേശ്വരാനന്ദ, ഗുരുധർമ്മപ്രചരണ സഭ വൈസ് പ്രസിഡന്റ് ഡോ.പി.ചന്ദ്രമോഹൻ, സഭാ രജിസ്ട്രാർ കെ.ടി.സുകുമാരൻ, ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, ചീഫ് കോ ഓർഡിനേറ്റർ സത്യൻ പന്തത്തല, അശോകൻ ശാന്തി, പി.ആർ.ഒ പ്രൊഫ. സനൽകുമാർ, ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ, മാതൃസഭാ പ്രസിഡന്റ് ഡോ.അനിതാ ശങ്കർ, സെക്രട്ടറി ശ്രീജ ടീച്ചർ, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ഡോ. എം.ജയരാജു തുടങ്ങിയവർ വിവിധമേഖലകളിൽ പ്രഭാഷണങ്ങൾക്ക് നേതൃത്വം നൽകും.

17ന് രാവിലെ ശാന്തിഹവനം, ഗുരുപൂജ എന്നിവയ്ക്ക് ശേഷം മഹാസമാധിയിൽ നടത്തുന്ന സമൂഹ പ്രാർത്ഥനയോടെ ശ്രീനാരായണ മാസാചരണത്തിന് തുടക്കം കുറിക്കും. ഗുരുദേവന്റെ തിരു അവതാരത്തെ സ്മരിച്ച് എല്ലാ ദിവസവും രാവിലെ 6.15 ന് അവതാര മുഹൂർത്ത പ്രാർത്ഥനയും ഗുരുദേവ കൃതികളുടെ പാരായണവും ഉണ്ടായിരിക്കണമെന്ന് ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു. വിവരങ്ങൾക്ക് ശിവഗിരി മഠവുമായി ബന്ധപ്പെടാം. ഫോൺ: 8086639758, 9048455332, 9048963089