'സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് കഠിനാദ്ധ്വാനം ചെയ്യാൻ ഈ ദിവസം നമ്മെ പ്രചോദിപ്പിക്കട്ടെ'

Friday 15 August 2025 7:16 AM IST

ന്യൂഡൽഹി: എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഡൽഹിയടക്കമുള്ളയിടങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നവഭാരതം എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം

പ്രധാനമന്ത്രി എക്സിലൂടെ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. 'എല്ലാവർക്കും സന്തോഷകരമായ സ്വാതന്ത്ര്യദിനാശംസകൾ. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് കൂടുതൽ കഠിനാദ്ധ്വാനം ചെയ്യാൻ ഈ ദിവസം നമ്മെ പ്രചോദിപ്പിക്കട്ടെ. ജയ് ഹിന്ദ്'- എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചിരിക്കുന്നത്.

അതേസമയം, ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിലും സമീപ പ്രദേശങ്ങളിലും പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. റെയിൽവേ സ്‌റ്റേഷനും വിമാനത്താവളവും അടക്കമുള്ളയിടങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. മൂവായിരത്തോളം ട്രാഫിക് പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.