ഹണ്ടർ ബൈഡനെതിരെ മെലാനിയ
വാഷിംഗ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നതായി നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ. വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീൻ ആണ് മെലാനിയയെ ട്രംപിന് പരിചയപ്പെടുത്തിയതെന്ന് ഹണ്ടർ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ മെലാനിയ, ഹണ്ടറിനെതിരെ 100 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പറഞ്ഞു. ഹണ്ടറിന്റെ പരാമർശം തെറ്റും അനാദരവും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് മെലാനിയയുടെ അഭിഭാഷകർ പറഞ്ഞു. ഹണ്ടർ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ കേസുമായി മുന്നോട്ടുപോകുമെന്ന് അഭിഭാഷകർ അറിയിച്ചു. അതേ സമയം, ട്രംപും എപ്സ്റ്റീനും തമ്മിൽ 1980കൾ മുതൽ 15 വർഷം നീണ്ട സൗഹൃദമുണ്ടായിരുന്നെന്ന് കരുതുന്നു. റിയൽ എസ്റ്റേറ്റ് തർക്കത്തെ തുടർന്ന് 2004ൽ എപ്സ്റ്റീനുമായുള്ള സൗഹൃദം ട്രംപ് ഉപേക്ഷിച്ചു. ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ് 55കാരിയായ മെലാനിയ. 2005ലായിരുന്നു ഇരുവരുടെയും വിവാഹം. സ്ലോവേനിയൻ വംശജയായ മെലാനിയ മുൻ ഫാഷൻ മോഡൽ കൂടിയാണ്. സ്പോർട്സ് ഇല്ലുസ്ട്രേറ്റഡ്, വാനിറ്റി ഫെയർ, വോഗ്, ഹാർപേർസ് ബസാർ തുടങ്ങിയ മാഗസിനുകൾക്ക് വേണ്ടി മോഡലായിട്ടുണ്ട്. 16ാം വയസിൽ മോഡലിംഗ് കരിയറിന് തുടക്കമിട്ട മെലാനിയ 1996 ലാണ് ന്യൂയോർക്കിലെത്തിയത്.