വിഷ മദ്യം: കുവൈറ്റിൽ മരിച്ചവരിൽ മലയാളിയും  മരിച്ചത് കണ്ണൂർ സ്വദേശി സച്ചിൻ  ആകെ മരണം 13

Friday 15 August 2025 7:23 AM IST

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. കണ്ണൂർ ഇരിണാവ് സ്വദേശി പി. സച്ചിൻ (31) ആണ് മരിച്ചത്. സച്ചിന്റെ മരണം സംബന്ധിച്ച് കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചു. നാലു വർഷം മുമ്പാണ് സച്ചിൻ കുവൈറ്റിലെത്തിയത്. സച്ചിൻ അടക്കം 13 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഇവരിൽ മറ്റ് അഞ്ച് മലയാളികൾ അടക്കം പത്ത് ഇന്ത്യക്കാരുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. രണ്ട് പേർ നേപ്പാൾ സ്വദേശികളാണെന്നും സൂചനയുണ്ട്.

63 പേർ ചികിത്സയിലാണ്. 40ഓളം ഇന്ത്യക്കാർ അപകടത്തിൽ ഉൾപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. കൂടുതലും മലയാളികളാണെന്നാണ് സൂചന. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് +965-65501587 എന്ന ഹെൽപ് ലൈൻ നമ്പറിൽ വാട്സ്‌ആപ്പ് വഴിയോ നേരിട്ടോ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. മരിച്ചവരുടെയോ ചികിത്സയിലുള്ളവരുടെയോ പേരുവിവരങ്ങൾ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ചികിത്സയിലുള്ള 51 പേരെ അടിയന്തര ഡയാലിസിസിന് വിധേയമാക്കി. 21 പേർക്ക് സ്ഥിരമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെട്ടു. 31 പേർ വെന്റിലേറ്ററിൽ തുടരുന്നു. മിക്കവരും അപകടനില തരണം ചെയ്തിട്ടില്ല. ഫർവാനിയ, അദാൻ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശനിയാഴ്ച മുതലാണ് വിഷ മദ്യ കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജലീബ് അൽ-ഷുയൂഖ് മേഖലയിലെ അനധികൃത മദ്യവില്പന കേന്ദ്രത്തിൽ നിന്നാണ് ഇവർ മദ്യം വാങ്ങിയതെന്ന് കരുതുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

രഹസ്യ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഏഷ്യക്കാരായ പ്രവാസികൾ അടക്കം പത്ത് പേരെ പിടികൂടി. മദ്യത്തിന്റെ ഉത്പാദനവും വില്പനയും ഉപയോഗവും കുവൈറ്റിൽ കർശനമായി നിരോധിച്ചിട്ടുള്ളതാണ്. അനധികൃത മദ്യക്കടത്തുമായി ബന്ധപ്പെട്ട് മലയാളികൾ അടക്കം നിരവധി പേരെ കുവൈറ്റ് പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു.