പുട്ടിൻ - ട്രംപ് ചർച്ച പരാജയപ്പെട്ടാൽ ഇന്ത്യയ്‌ക്ക് വീണ്ടും തീരുവ: യു.എസ്

Friday 15 August 2025 7:24 AM IST

വാഷിംഗ്ടൺ : യുക്രെയിൻ വിഷയത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച തീരുവ ഉയർത്തിയേക്കുമെന്ന് യു.എസ്. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആണ് ഇക്കാര്യം അറിയിച്ചത്.

25 ശതമാനം പകരച്ചുങ്കത്തിന് പിന്നാലെ റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക ഇറക്കുമതി തീരുവ കൂടി ട്രംപ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്നു. ഇത് ഇനിയും ഉയർത്തുമെന്നാണ് ഭീഷണി.

ഇന്ത്യൻ സമയം നാളെ പുലർച്ചെ യു.എസിലെ അലാസ്കയിലാണ് പുട്ടിൻ - ട്രംപ് ചർച്ച. സമാധാന കരാറിന് റഷ്യ തയ്യാറല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ചർച്ച പരാജയപ്പെടാൻ 25 ശതമാനം സാദ്ധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞു. പുട്ടിനുമായുള്ള ചർച്ച നല്ല രീതിയിൽ അവസാനിച്ചാൽ വൈകാതെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി.