എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി

Friday 15 August 2025 7:41 AM IST

ന്യൂഡൽഹി: എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിനം അഭിമാനത്തിന്റെ ഉത്സവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയാണ് വഴികാട്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെയും അദ്ദേഹം പരാമർ‌ശിച്ചു. സൈന്യം ഭീകരർക്ക് ചുട്ടമറുപടി നൽകിയെന്നും സൈന്യത്തിന് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

നവഭാരതം എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം. അയ്യായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. നേരത്തെ പ്രധാനമന്ത്രി എക്സിലൂടെ സ്വാതന്ത്ര്യദിനാശംസകൾ നേർന്നിരുന്നു. 'എല്ലാവർക്കും സന്തോഷകരമായ സ്വാതന്ത്ര്യദിനാശംസകൾ. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് കൂടുതൽ കഠിനാദ്ധ്വാനം ചെയ്യാൻ ഈ ദിവസം നമ്മെ പ്രചോദിപ്പിക്കട്ടെ. ജയ് ഹിന്ദ്'- എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.

സംസ്ഥാനത്തും ആഘോഷം

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഒമ്പതിന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. സായുധരും അല്ലാത്തവരുമായ വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് തുടങ്ങിയവരുടെ പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യ ദിന സന്ദേശം നൽകും.

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, കറക്ഷനൽ സർവീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി നൽകും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനം ആലപിക്കും.

രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീറും ദേശീയപതാക ഉയർത്തും. മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ മന്ത്രിമാർ നേതൃത്വം നൽകും. പ്ലാസ്റ്റിക് കൊണ്ടുള്ള ദേശീയ പതാകയുടെ ഉപയോഗം, നിർമ്മാണം, വില്പന എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും പൊതുഭരണ വകുപ്പ് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.