ആണവായുധം കാട്ടി വിരട്ടേണ്ട, ഏത് ഭീഷണിയെ നേരിടാനും രാജ്യം സജ്ജം; പാകിസ്ഥാന് താക്കീതുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ആണവായുധം കാട്ടി വിരട്ടേണ്ടെന്ന് പാകിസ്ഥാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സ്വയം പര്യാപ്തത നേടി. ഏത് ഭീഷണിയെ നേരിടാനും സജ്ജമാണെന്നും ഇന്ത്യയുടെ ആയുധബലം ശത്രുക്കളെ അമ്പരപ്പിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിന്ധു നദി ജലകറാറിൽ പുനരാലോചനയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ കരാർ എത്രത്തോളം അന്യായവും ഏകപക്ഷീയവുമാണെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോദ്ധ്യമായിക്കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് ഉത്ഭവിക്കുന്ന നദിയിലെ ജലം ശത്രുക്കൾ ഉപയോഗിക്കുകയായിരുന്നു. ഇന്ത്യയിലെ ജലത്തിന്റെ അവകാശം രാജ്യത്തെ കർഷകർക്കാണെന്നും രക്തവും വെള്ളവും ഒന്നിച്ച് ഒഴുകില്ലെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെയും അദ്ദേഹം പരാമർശിച്ചു. രാജ്യത്തിന്റെ രോഷത്തിന്റെ പ്രകടനമാണ് ഓപ്പറേഷൻ സിന്ദൂർ. സങ്കൽപിക്കാനാകാത്ത കാര്യമാണ് സൈന്യം രാജ്യത്തിനായി ചെയ്തത്. എന്താണ് ആത്മ നിർഭർ ഭാരത് എന്നത് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചുകഴിഞ്ഞുവെന്നും ഇന്ത്യയുടെ ആണവോർജ ശേഷി പത്തിരട്ടി വർദ്ധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. 'മെയ്ഡ് ഇൻ ഇന്ത്യ'യെക്കുറിച്ച് നമ്മുടെ ശത്രുക്കൾക്ക് വലിയ ധാരണയില്ലായിരുന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിലൂടെ ആ കരുത്ത് തെളിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീപാവലി സമ്മാനമായി ജി എസ് ടി പരിഷ്‌കാരം നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ജി എസ് ടി നിരക്കുകൾ കുറയും. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയിൽ നിന്നുള്ള നരേന്ദ്ര മോദിയുടെ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണിത്.