വിവാദങ്ങൾക്കിടെ 'അമ്മ' തിരഞ്ഞെടുപ്പ് ആരംഭിച്ചു; മമ്മൂട്ടി വോട്ടിടാൻ എത്തിയേക്കില്ല
കൊച്ചി: വിവാദങ്ങൾക്കിടെ താരസംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ച തിരഞ്ഞെടുപ്പ് ഉച്ചയ്‌ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. വൈകിട്ട് നാല് മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും. 233 വനിതാ അംഗങ്ങൾ ഉൾപ്പെടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തില്ലെന്നാണ് വിവരം. മോഹൻലാൽ, സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെല്ലാം വോട്ട് ചെയ്യാനെത്തും.
ദേവനും ശ്വേതാ മേനോനുമാണ് സംഘടനയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റ് പ്രധാന സ്ഥാനങ്ങളിലേക്കും ഇന്ന് അംഗങ്ങളെ തിരഞ്ഞെടുക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 27ന് ഭരണസമിതി രാജിവച്ചൊഴിഞ്ഞു. ഇതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുയർന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോൻ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന കേസും ഉയർന്നുവന്നു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെതിരെയും ഒരു സംഘം വനിതാ അംഗങ്ങൾ രംഗത്ത് വന്നിരുന്നു.