പ്രശസ്‌ത ബോഡിബിൽഡർ ഹെയ്‌ലി മെക്‌നെഫ് 37ാം വയസിൽ വിടപറഞ്ഞു, താരത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ ആരാധകർ

Friday 15 August 2025 11:40 AM IST

വാഷിംഗ്‌ടൺ: പ്രശസ്‌ത വനിതാ ബോഡിബിൽഡിംഗ് ചാമ്പ്യൻ ഹെയ്‌ലി മെക്‌നെഫിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. മാസച്ചുസെറ്റ്‌സ് കോൺകോർഡ് സ്വദേശിയായ ഹെയ്‌ലിക്ക് 37 വയസായിരുന്നു പ്രായം. ഓഗസ്റ്റ് എട്ടിനായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. ഹെയ്‌ലിയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നുവെന്ന് കുടുംബം അറിയിച്ചു. നാളെ ആണ് സംസ്‌‌കാരച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

ഇക്വുസ്‌ട്രിയൻ, ഡൈവിംഗ്, സ്‌കീയിംഗ് എന്നീ കായിക ഇനങ്ങളിലാണ് ഹെയ്‌ലി ആദ്യം കഴിവ് തെളിയിച്ചത്. തുടർന്ന് ബോഡിബിൽഡിംഗ് രംഗത്ത് തിളങ്ങുകയായിരുന്നു. വിരമിക്കലിനുശേഷം സൈക്കോളജിസ്റ്റ് ആകാനായിരുന്നു ഹെയ്‌ലി ആഗ്രഹിച്ചത്. ഡേവിഡ് ജെ മെക്‌നെഫ്, മിഷേൽ സി വാക്കർ എന്നിവരാണ് മാതാപിതാക്കൾ. യൂണിവേഴ്‌സിറ്റി ഒഫ് മാസച്ചുസെറ്റ്‌‌സിൽ നിന്ന് ബിരുദം കരസ്ഥമാക്കിയിരുന്നു.

കുട്ടിക്കാലത്തുതന്നെ കുതിരയോട്ടവും ബോർഡ് ഡൈവിംഗും സ്‌കീയിംഗും ഹെയ്‌ലിക്ക് ഏറെ ഇഷ്ടമായിരുന്നു. മുതിർന്നതോടെയാണ് ബോഡിബിൽഡിംഗിൽ കമ്പമേറിയത്. ബോഡിബിൽഡിംഗിൽ മേറിലാൻഡിലും ഡെലവേറിലും സംസ്ഥാനപട്ടങ്ങൾ സ്വന്തമാക്കി. 2009 ഈസ്റ്റ് കോസ്റ്റ് ക്ളാസിക്കിലും ഒന്നാം സ്ഥാനം നേടി. 2005ൽ ഇറങ്ങിയ 'റൈസിംഗ് ദി ബാർ' എന്ന ഡോക്യുമെന്ററിലും പ്രത്യക്ഷപ്പെട്ടു. പിന്നാലെ കുറച്ചുനാൾ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന് സൈക്കോളജി പഠനം ആരംഭിച്ചു. തന്റെ ആഗ്രങ്ങൾ പൂർത്തീകരിക്കാൻ ഹെയ്‌ലി കഠിനമായി പരിശ്രമിച്ചിരുന്നുവെന്നും അനേകം പേർക്ക് പ്രചോദനമായെന്നും മാതാപിതാക്കൾ പറഞ്ഞു.