നഖങ്ങളിൽ ഈ മാറ്റം കണ്ടാൽ അവഗണിക്കരുത്; 35കാരിക്ക് സ്ഥിരീകരിച്ചത് ഗുരുതര ക്യാൻസർ രോഗം

Friday 15 August 2025 12:00 PM IST

ലണ്ടൻ: പല ഗുരുതര രോഗങ്ങളുടെയും ലക്ഷണങ്ങൾ ശരീരം മുൻകൂട്ടി കാണിച്ചുതരുമെന്ന് പറയാറുണ്ട്. ഇവ ശ്രദ്ധിക്കാതെ വരുമ്പോഴാണ് മരണത്തിലേക്ക് പോലും നയിക്കുന്ന രോഗങ്ങൾ ഉണ്ടാവുന്നത്. ഈസ്റ്റ് യോർക്ക്‌ഷെയറിലെ ഹൾ സ്വദേശിയായ ലൂസി തോംസണിന്റെ ശരീരത്തിലും ഇത്തരത്തിലൊരു ലക്ഷണം ഉണ്ടായി. വളരെ നിസാരമായതിനാൽ തന്നെ അവരത് അവഗണിച്ചു.

2023 ഏപ്രിലിൽ കയ്യിലെ അക്രിലിക് നഖങ്ങൾ നീക്കം ചെയ്‌തപ്പോഴാണ് ഇടത് കയ്യിലെ തള്ളവിലരിൽ ഒരു നേർത്ത കറുത്ത വര അവർ ശ്രദ്ധിച്ചത്. കൈ തട്ടിയപ്പോഴുണ്ടായ ചതവാണെന്നാണ് അവർ ആദ്യം കരുതിയത്. അതിനാൽ, ഇതിനെക്കുറിച്ച് അധികം ചിന്തിച്ചില്ല. എന്നാൽ, ഒരു സുഹൃത്താണ് ലൂസിയോട് ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചത്. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ഡോക്‌ടർമാർ ലൂസിയുടെ നഖത്തിലെ അടയാളം ഒരു അപൂർവ ത്വക്ക് ക്യാൻസറുമായി ബന്ധപ്പെട്ടതാണെന്ന സംശയം പ്രകടിപ്പിച്ചത്.

ആദ്യ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും രണ്ടാമത്തെ ബയോപ്‌സിയിൽ നഖത്തിൽ അർബുദ കോശങ്ങൾ കണ്ടെത്തി. ഉടൻ തന്നെ ചികിത്സ ആരംഭിച്ചതിനാൽ സബംഗുവല്‍ മെലനോമ എന്ന ഗുരുതരമായ ത്വക്ക് ക്യാൻസറിലേക്ക് എത്താതെ രക്ഷപ്പെട്ടുവെന്നാണ് ലൂസി പറയുന്നത്. ഇത്തരം അടയാളങ്ങൾ സാധാരണമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോൾ നഖങ്ങൾ പരിശോധിക്കുന്നത് ഒരു ശീലമാക്കി മാറ്റിയെന്നും ലൂസി പറഞ്ഞു.