'കഴിഞ്ഞ ജന്മത്തിൽ ഞാൻ സ്‌ത്രീ ആയിരുന്നില്ല, അതിന് മുമ്പ് 29 വയസിൽ മരിച്ചു, മൊട്ടയടിച്ചതിന് പിന്നിലും ഒരു കാരണമുണ്ട്'

Friday 15 August 2025 12:45 PM IST

ലെന സിനിമാ രംഗത്തേക്കെത്തിയിട്ട് വർഷങ്ങളായി. എന്നാൽ, കഴിഞ്ഞ കുറച്ച് കാലമായി ആത്മീയ പാതയിലാണ് നടി. ആദ്യമായി ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചപ്പോൾ പലരും അതിശയത്തോടെയാണ് കണ്ടിരുന്നത്. ലെന പറയുന്ന കാര്യങ്ങൾ മനസിലാക്കുന്നതിന് പകരം അവർക്കെതിരെ ട്രോളുകൾ ഉണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്‌തു. ഇപ്പോഴിതാ തന്റെ പൂർവ ജന്മങ്ങളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ലെന പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ലെനയുടെ വാക്കുകൾ:

'ഓട്ടോ ബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്‌തകം സ്‌പിരിച്വാലിറ്റിയിലേക്കുള്ള അഞ്ച് വഴികൾ പറയുന്ന എളുപ്പത്തിലുള്ള ലോജിക്കൽ സിസ്റ്റമാണ്. അതിനിടയിൽ ഞാൻ എന്റെ കഥകൾ പറഞ്ഞ് പോയിട്ടുണ്ട്. എനിക്കെന്റെ മുൻ ജന്മങ്ങൾ ഓർമയുണ്ട്. മൂന്ന് രീതിയിലാണ് ഞാൻ പാസ്റ്റ് ലൈഫിനെ കാണുന്നത്. ഇതെല്ലാം പറഞ്ഞ് കഴിയുമ്പോൾ ഒരുപക്ഷേ ആൾക്കാരെ അത് വഴിതെറ്റിക്കുമോ എന്ന പേടിയുണ്ട്. അതുകൊണ്ട് ആ ബുക്ക് ഞാൻ മുന്നോട്ട് എഴുതുന്നില്ല. സ്‌പിരിച്വാലിറ്റി പേഴ്‌സണലാണ്.

ഇത് വായിക്കുന്ന എല്ലാവർക്കും മുൻജന്മ അനുഭവങ്ങൾ ഓർമ വരണമെന്നില്ല. അപ്പോൾ അവരുടെ മനസ് കള്ളക്കഥ മാനുഫാക്‌ച്വർ ചെയ്യും. കഴിഞ്ഞ ജന്മത്തിൽ ഞാൻ സ്‌ത്രീ അല്ലായിരുന്നു. 63 വയസുള്ള ബുദ്ധ സന്യാസിയായിരുന്നു. നേപ്പാൾ, ടിബറ്റ് സൈഡിലായിരുന്നു അത്. അതിന് മുമ്പ് 29 വയസ് വരെ ജീവിച്ച കാലമുണ്ട്. അത് ഇന്ത്യയിലായിരുന്നു. അവിടത്തെ കാര്യങ്ങൾ വളരെ ക്ലിയറായി എനിക്കോർമയുണ്ട്. അതുകൊണ്ടാണ് ഞാൻ മൊട്ടയടിച്ച് നേപ്പാളിൽ പോയി രണ്ട് മാസം അവിടെ ഒറ്റയ്‌ക്ക് യാത്ര ചെയ്‌തത്. പഴയ ജന്മത്തിലെ സ്ഥലങ്ങൾ കാണാൻ നിന്നില്ല. ജോംസോംഗ് എന്ന സ്ഥലം കടക്കണം. ഞാനത് കടക്കാതെ ഇങ്ങ് പോന്നു. അങ്ങോട്ട് പോകാൻ എനിക്ക് തോന്നുന്നില്ലായിരുന്നു. '