ഗാന്ധിക്കും മുകളിലായി വി ഡി സവർക്കർ, സുരേഷ് ഗോപിയുടെ മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റർ വിവാദത്തിൽ

Friday 15 August 2025 12:53 PM IST

ന്യൂഡൽഹി: പെട്രോളിയം മന്ത്രാലയത്തിന്റെ 79ാം സ്വാതന്ത്ര്യദിനാഘോഷ പോസ്റ്ററിൽ രൂക്ഷവിമർശനം. പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് മുകളിലായി ഹിന്ദു മഹാസഭാ നേതാവ് വി ഡി സവർക്കർ വന്നതാണ് വിവാദമായിരിക്കുന്നത്. പോസ്റ്ററിലുള്ള ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് എന്നിവർക്കും മുകളിലായാണ് സവർക്കറുള്ളത്. പെട്രോളിയം മന്ത്രാലയത്തിന്റെ ട്വിറ്റർ പേജിലാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. തൃശൂർ എംപി സുരേഷ് ഗോപി പെട്രോളിയം മന്ത്രാലയം സഹമന്ത്രിയാണ്.

'സ്വാതന്ത്ര്യം അവരുടെ സമ്മാനമാണ്. ഭാവി രൂപപ്പെടുത്തുന്നതാണ് നമ്മുടെ മിഷൻ'- എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പോസ്റ്ററിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ സ്വാതന്ത്ര്യസമര സേനാനികളെയും അപമാനിക്കുന്ന നടപടിയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കോൺഗ്രസ് ആരോപിച്ചു. പോസ്റ്ററിൽ വകുപ്പ് കൈകാര്യം ചെയ്യുന്ന അധികാരികൾ മറുപടി നൽകണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, പോസ്റ്റിൽ നെഹ്‌റുവിനെ ഉൾക്കൊള്ളിച്ചില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിവാദത്തിൽ കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. പെട്രോളിയം മന്ത്രാലയം പോസ്റ്റർ പിൻവലിച്ചിട്ടുമില്ല.