ഗോവയോ തായ്‌ലൻഡോ അല്ല! 1500 രൂപ ദിവസം ചെലവഴിക്കാനുണ്ടെങ്കിൽ ഈ രാജ്യം സന്ദർശിക്കാം
ഈ വർഷത്തെ സെപ്‌തംബർ മാസം എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഓണവും അതുമായി ബന്ധപ്പെട്ട അവധിയും ലഭിക്കുന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഈ അവധിക്കാലത്ത് കുടുംബവുമായും ഒറ്റയ്‌ക്കും യാത്ര ചെയ്യാൻ പറ്റിയ ചില വിദേശരാജ്യങ്ങൾ പരിചയപ്പെടാം. ഇന്ത്യക്കാർക്ക് വിസ വേണ്ടാത്തതിനാൽ തന്നെ ചെലവും കുറവാണ്. ഈ സ്ഥലങ്ങൾ ഏതൊക്കെയാണെന്നും അവിടെ പരമാവധി എത്ര തുക ചെലവാകുമെന്നും അറിയാം.
- ശ്രീലങ്ക
മനോഹരമായ ദ്വീപുകൾ, സാംസ്‌കാരിക സമ്പത്ത്, ആത്മാവിനെ ഉണർത്തുന്ന ബീച്ചുകൾ എന്നിവയ്‌ക്ക് പ്രശസ്‌തമാണ് ശ്രീലങ്ക. സെപ്‌തംബറിൽ തിരക്കുള്ള സീസണാണ്. തലസ്ഥാനമായ കൊളംബോ, മനോഹരമായ കുന്നുകൾ, തീരദേശ വിനോദയാത്രയ്ക്കായി ഗല്ലെ എന്നിവിടങ്ങളിലേക്ക് പോകാവുന്നതാണ്. ഡൽഹിയിൽ നിന്ന് ശ്രീലങ്കയിലേക്ക് പോകാൻ 15,000 മുതൽ 17,000 വരെയാണ് വിമാന ടിക്കറ്റ് നിരക്ക്. ഇന്ത്യക്കാർക്ക് ഇവിടേക്ക് യാത്ര ചെയ്യാൻ വിസ ആവശ്യമില്ല. ഈ രാജ്യക്ക് ദിവസചെലവ് 2,000 മുതൽ 3,500 രൂപ വരെയാണ്.
- നേപ്പാൾ
ഏറ്റവും ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാൻ സാധിക്കുന്ന അതിമനോഹരമായ രാജ്യമാണ് നേപ്പാൾ. സെപ്‌തംബർ മാസമാണ് ഇവിടേക്ക് പോകാൻ പറ്റിയ കാലാവസ്ഥ. തെളിഞ്ഞ ആകാശവും പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും ട്രക്കിംഗിന് പറ്റിയ താഴ്‌വരയും ഇവിടെയുണ്ട്. പ്രകൃതി സ്‌നേഹികൾക്കും ആത്മീയ സഞ്ചാരികൾക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന സ്വപ്‌നതുല്യമായ സ്ഥലമാണിത്. ഡൽഹിയിൽ നിന്നുള്ള വിമാനടിക്കറ്റ് നിരക്ക് 8,000 രൂപ മുതൽ 10,000 രൂപ വരെയാണ്. ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല. ഒരു ദിവസം നേപ്പാളിൽ താമസിക്കാൻ 1,500 മുതൽ 3,000 രൂപ വരെയാണ് ചെലവ്.