147 യാത്രക്കാരുമായി കേരളത്തിലേക്ക് പറന്ന വിമാനത്തിന് സാങ്കേതിക തകരാർ; ചെന്നൈയിൽ അടിയന്തര ലാൻഡിംഗ്
Friday 15 August 2025 3:00 PM IST
ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പറന്ന എയർ ഏഷ്യ വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഇന്നലെ രാത്രി 11.25നായിരുന്നു സംഭവം. വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിംഗ് നടത്തിയത്. ചെന്നൈ എയർ ട്രാഫിക് കൺട്രോളിനെ പൈലറ്റ് വിവരം അറിയിച്ചതിന് പിന്നാലെ വിമാനം ഉടൻ ലാൻഡ് ചെയ്യാൻ നിർദേശം നൽകുകയായിരുന്നു.
അഗ്നിരക്ഷാ സേനയും ആംബുലൻസും ഉൾപ്പെടെ എല്ലാ അടിയന്തര സേവനങ്ങളും വിന്യസിച്ച ശേഷമാണ് ലാൻഡിംഗിന് നിർദേശം നൽകിയത്. 147 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തു. നിലവിൽ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലാണ് യാത്രക്കാർ. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടും.