താരപത്നി മാത്രമല്ല, രാംചരണിനേക്കാൾ ഒരുപടി മുന്നിലാണ് ഭാര്യ; ആസ്തി എത്രയാണെന്നറിയാമോ?

Friday 15 August 2025 3:30 PM IST

തെന്നിന്ത്യൻ സൂപ്പർസ്​റ്റാർ രാംചരണിനെക്കുറിച്ച് അധികം വിശേഷണങ്ങളുടെയൊന്നും ആവശ്യമില്ല. സിനിമാമേഖലയിലെയും രാഷ്ട്രീയമേഖലയിലെയും പ്രമുഖരടങ്ങിയ കുടുംബമാണ് രാംചരണിന്റേത്. എന്നാൽ ഇവരെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന ഒരാൾ രാംചരണിന്റെ കുടുംബത്തിലുണ്ട്. അത് വേറെ ആരുമല്ല. രാംചരണിന്റെ ഭാര്യ ഉപാസന കാമിനേനി കൊനിഡേലയാണ്. ഒരു കുടുംബിനി മാത്രമാണെന്ന് പലർക്കും തോന്നിയിട്ടുണ്ടെങ്കിലും ആരോഗ്യമേഖലയിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും സ്വന്തം സ്ഥാനം ഉറപ്പിച്ച വ്യവസായിയാണ് 36കാരിയായ ഉപാസന.

ഇന്ത്യയ്ക്ക് അകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന അപ്പോളോ ഹോസ്‌പിറ്റൽസിന്റെ വൈസ് ചെയർപേഴ്സണനാണ് രാംചരണിന്റെ ഭാര്യ. ഉപാസനയുടെ മുത്തശ്ശനായ ഡോക്ടർ പ്രതാപ് സി റെഡിയാണ് അപ്പോളോ ഹോസ്‌പിറ്റൽസിന്റെ സ്ഥാപകൻ. അടുത്തിടെ ഉപാസന ഒരു അഭിമുഖം അനുവദിച്ചിരുന്നു. അതിൽ അവർ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായിരിക്കുന്നത്. തനിക്ക് 77,000 കോടിയുടെ കുടുംബസ്വത്തുണ്ടെന്നാണ് ഉപാസന അവകാശപ്പെടുന്നത്. ഉപാസനയുടെ അമ്മ ശോഭന കാമിനേനിയും ബിസിനസിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

അപ്പോളോ ഹോസ്‌പിറ്റൽസിന്റെ വിപണി മൂല്യം അമ്പരപ്പിക്കുന്നതാണ്. 88718 കോടിയാണ് ഈ ആശുപത്രി ശൃംഖലകളുടെ വിപണി മൂല്യം. ഫോബ്‌സിന്റെ പട്ടികയിൽ ഇടംപിടിച്ച കോടീശ്വരനാണ് പ്രതാപ് റെഡ്ഡി. ലണ്ടനിലെ റീജന്റ് സർവകലാശാലയിൽ നിന്നാണ് ഉപാസന എംബിഎയിൽ മാസ്റ്റേഴ്‌സ് എടുത്തത്. ഹാര്‍വാര്‍ഡ് സർവകലാശാലയിലും പഠിച്ചിട്ടുണ്ട്. ആദിവാസി ജനതയുടെ പുനരധിവാസത്തെ അപ്പോളോ ഫൗണ്ടേഷനിലൂടെ വ്യാപിപ്പിച്ചത് ഉപാസനയാണ്. സാങ്കേതിക വിദ്യയെ മനുഷ്യന് ഗുണകരമായി മാറ്റാമെന്നുള്ള ചിന്തയില്‍ കൂടുതല്‍ മികവുറ്റ കാര്യങ്ങളാണ് ഉപാസന ചെയ്യുന്നത്. 2012ലാണ് രാംചരണും ഉപാസനയും വിവാഹിതരായത്. ഇരുവർക്കും കഴിഞ്ഞ വർഷമാണ് കുഞ്ഞ് പിറന്നത്. ക്ലീൻ കാര എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.