'അമ്മ' തലപ്പത്ത് സ്‌ത്രീകൾ; ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ വിജയിച്ചു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് ജയൻ ചേർത്തല ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ ശ്വേതയും കുക്കുവും ലീഡ് ചെയ്യുന്നുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആകെയുള്ള 504 അംഗങ്ങളിൽ 298പേരാണ് വോട്ട് ചെയ്‌തത്. ഗിന്നസ് പക്രുവാണ് അവസാനം വോട്ട് ചെയ്‌തത്. രണ്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഇത്തവണ പോളിംഗ് ശതമാനത്തിൽ വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്. 357പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‌തത്. 70 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. കടുത്ത മത്സരം നടന്നിട്ടും പോളിംഗിൽ 12 ശതമാനം ഇടിവുണ്ടായി.
ശ്വേതാ മേനോനും ദേവനുമാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. കുക്കുവിനെതിരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും മത്സരിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരാണ് മത്സരിക്കുന്നത്.