അന്ന് ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു, നടി കസ്തൂരി ഇനി ബിജെപിയിൽ

Friday 15 August 2025 4:19 PM IST

ചെന്നൈ: നടി കസ്തൂരി ബിജെപിയിൽ ചേർന്നു. തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽ നിന്നാണ് കസ്തൂരി അംഗത്വം സ്വീകരിച്ചത്. നൈനാർ നാ​ഗേന്ദ്രൻ തന്റെ എക്സിലൂടെ അം​ഗത്വം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ട്രാന്‍സ്‌ജെന്‍ഡര്‍ നമിത മാരിമുത്തുവും പാര്‍ട്ടിയില്‍ അംഗത്വമെടുത്തു.

ഇന്ന് ചെന്നൈയിലെ ബിജെപി ആസ്ഥാനമായ കമലാലയത്തിൽ വച്ചാണ് ഇവർ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. തമിഴ്നാട് ബിജെപി കലാ സാംസ്‌കാരിക വിഭാഗം പ്രസിഡന്റ് പെപ്സി ശിവയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അടുത്തിടെ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിലൂടെ വാർത്തകളിൽ ഇടംപിടിച്ച താരമാണ് കസ്തൂരി. 1991ല്‍ സംവിധായകന്‍ കസ്തൂരി രാജയുടെ ആത്ത ഉന്‍ കൊയിലിലെ എന്ന ചിത്രത്തിലൂടെയാണ് ചെന്നൈ സ്വദേശിനിയായ കസ്തൂരി തമിഴ് സിനിമയില്‍ അരങ്ങേറുന്നത്. തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും അഭിനയിച്ചു.

തെലു​ങ്ക് ഭാഷ സംസാരിക്കുന്നവരെ അധിക്ഷേപിച്ച കേസിൽ കസ്തൂരി അറസ്റ്റിലായിരുന്നു. 2024 നവംബർ മൂന്നിന് ചെന്നൈയിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നടിയുടെ വിവാദ പരാമർശം. ഇവിടെയുള്ള തെലു​ങ്ക് സംസാരിക്കുന്ന വ്യക്തികൾ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ വന്ന ബ്രാഹ്മണരെ തമിഴരായി അംഗീകരിക്കുന്നില്ലെന്നുമാണ് കസ്തൂരി പറഞ്ഞത്. രാജാക്കന്മാരുടെ അന്തപുരങ്ങളിലെ പരിചാരകരുടെ പിന്മുറക്കാരാണ് തെലുങ്കരെന്ന കസ്തൂരിയുടെ പരാമർശം വലിയ വിവാദമായിരുന്നു.