എക്‌സ്‌പ്രസ്‌വേയിൽ അതിവേഗം ബൈക്കോടിച്ച് അഭ്യാസം, പിന്നാലെ നേർക്കുനേർ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ഗാസിയാബാദ്: ബൈക്ക് അഭ്യാസപ്രകടനത്തിനിടെ അപകടത്തിൽപെട്ട് രണ്ട് യുവാക്കൾക്ക് ജീവൻ നഷ്‌ടപ്പെട്ടു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിർമ്മാണത്തിലിരുന്ന ഡൽഹി-ഡെറാഡൂൺ എക്‌സ്‌പ്രസ് ഹൈവേയിലാണ് സംഭവം. ഓഗസ്റ്റ് 13 ബുധനാഴ്‌ച നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്.
മത്സരയോട്ടത്തിന്റെ വീഡിയോ തത്സമയം പകർത്തുന്നുണ്ടായിരുന്നു. അപകടം സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തതോടെ വീഡിയോ വളരെവേഗം വൈറലായി. സുബോധ്, രോഹിത്ത് എന്നിങ്ങനെ യുവാക്കൾക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടമായത്. മൂന്നാമതൊരാൾക്ക് അപകടത്തിൽ പരിക്കേറ്റെന്നും വിവരമുണ്ട്. അപകടത്തിൽ പെട്ട യുവാക്കളിൽ ഒരാൾ നിന്നുകൊണ്ടാണ് ബൈക്കോടിച്ചത്. ഇതിനിടെ ലോണി മേഖലയിൽ വച്ച് ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
സംഭവം നടന്നയുടൻ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും വൈകാതെ മരിച്ചു. സഞ്ജയ് ശർമ്മ എന്നൊരാൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബൈക്കിൽ നിന്ന് അഭ്യാസം കാട്ടി ഓടിച്ചയാൾ ഹെൽമറ്റും ധരിച്ചിരുന്നില്ല. രണ്ടാമത് മരണമടഞ്ഞയാൾ ഹെൽമറ്റ് ധരിച്ചിരുന്നോ എന്ന് വീഡിയോയിൽ വ്യക്തമല്ല. എക്‌സ്‌പ്രസ് പാത ഇതുവരെ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ല.
മുൻപ് ക്ഷേത്രോത്സവത്തിനിടെ മരണക്കിണറിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് യുവാവ് വീണ അപകടം നടന്നിരുന്നു. യുവാവ് വീണെങ്കിലും ബൈക്ക് നിലതെറ്റാതെ വീണ്ടും ഏറെനേരം ഓടിയത് അന്ന് വാർത്തയായിരുന്നു.