ഓണക്കാലത്തും ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനയില്ല, വളയം പിടിക്കാനാളില്ല, ഓട്ടം നിലച്ച് സഞ്ചരിക്കുന്ന ലാബ്
കോട്ടയം : ഓണക്കാലമാണ്, വിപണിയിൽ വ്യാജന്മാർ കളംപിടിക്കുന്ന സമയം. പക്ഷേ, ഇതൊക്കെ കണ്ടുപിടിക്കേണ്ട ഭക്ഷ്യസുരക്ഷാവകുപ്പ് ഉറക്കത്തിലാണ്. എന്തിന് ഡ്രൈവറില്ലെന്ന പേരിൽ രണ്ട് മാസമായി കളക്ടറേറ്റ് കോമ്പൗണ്ടിൽ വിശ്രമത്തിലാണ് സഞ്ചരിക്കുന്ന ലാബ്. താത്കാലിക ഡ്രൈവർ മറ്റൊരു ജോലി ലഭിച്ച് പോയതോടെ പകരം നിയമനം നടത്തിയില്ല. 2022 ലാണ് ജില്ലയിൽ മൊബൈൽ ലാബ് അനുവദിച്ചത്. ഓരോ ദിവസം ഓരോ പ്രദേശങ്ങളിൽ എത്തി പരിശോധന നടത്തുകയായിരുന്നു പതിവ്. പ്രാഥമിക പരിശോധനയിൽ മായം കണ്ടെത്തിയാൽ തുടർ നടപടികൾക്കായി റീജിയണൽ ലാബിലേയ്ക്ക് കൈമാറി നടപടിയെടുക്കും. എന്നാൽ പാൽ, എണ്ണ, കറിപ്പൊടികൾ എന്നിവയിൽ എല്ലാം മായം കണ്ടെത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ഇതിനിടെയാണ് ഡ്രൈവർ ഇല്ലെന്ന പേരിൽ വാഹനം ഓടാത്തത്. ഇപ്പോൾ ഓരോ പ്രദേശങ്ങളിൽ ജീവനക്കാർ പോയി സാമ്പിളുകളെടുത്ത് ലാബിനുള്ളിൽ ടെസ്റ്റ് ചെയ്യുകയാണ്. മീൻ പോലെ വേഗം കേടാകുന്ന ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിക്കാൻ ജീവനക്കാർക്ക് ബുദ്ധിമുട്ടാണ്. സ്വന്തമായി വാഹനം സംഘടിപ്പിച്ച് സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കേണ്ട ഗതികേടും. വാഹനം ഓടാതെ കിടക്കുന്നതിനാൽ എലിയടക്കമുള്ളവ കയറി കേബിളുകൾ മുറിക്കാനും ടയറുകൾ നശിക്കാനുമുള്ള സാദ്ധ്യതയുണ്ട്. ഇതിന് പുറമേ യന്ത്രത്തകരാറിനും കാരണമാകും.
പിന്നിൽ വൻലോബിയെന്ന്
മൊബൈൽ ലാബിലെ പരിശോധനയിലൂടെ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നെങ്കിലും തുടർ പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് താത്പര്യമില്ലായിരുന്നു. ഇതിന് പിന്നിൽ വൻലോബിയുണ്ടെന്നാണ് ആക്ഷേപം. മൊബൈൽ ലാബിൽ പരിശോധിച്ചത് കൊണ്ടുമാത്രം മായമുണ്ടെന്ന് പറയാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. മുൻപ് വൈക്കം പ്രദേശത്തെ ഒരു ഫാമിലെ പായ്ക്കറ്റ് പാലിൽ നിന്ന് യൂറിയ ഉൾപ്പെടെ കണ്ടെത്തിയെങ്കിലും തുടർപരിശോധനകൾ നടത്താതെ ഉദ്യോഗസ്ഥർ മുക്കി. ഓണമടുത്തതോടെ പാലിലും, വെളിച്ചെണ്ണയിലും ഉൾപ്പെടെ മായം ചേർക്കാനുള്ള സാദ്ധ്യതയേറെയാണ്.
ലാബിലുള്ളത്
മായം പെട്ടന്ന് കണ്ടുപിടിക്കുന്നതിനുള്ള ക്യുക്ക് അഡൽറ്ററേഷൻ ടെസ്റ്റുകൾ
മൈക്രോബയോളജി, കെമിക്കൽ അനാലിസിസ് സംവിധാനങ്ങൾ
റിഫ്രാക്‌ടോമീറ്റർ, പി.എച്ച് ആൻഡ് ടി.ഡി.എസ്. മീറ്റർ, ഇലക്‌ട്രോണിക് ബാലൻസ്, ഹോട്ട്‌പ്ലേറ്റ്
മൈക്രോബയോളജി ഇൻക്യുബേറ്റർ, ഫ്യൂം ഹുഡ്, ലാമിനാർ എയർ ഫ്‌ളോ, ആട്ടോക്ലേവ്
മിൽക്കോസ്‌ക്രീൻ, സാമ്പിളുകൾ സൂക്ഷിക്കാനുള്ള റഫ്രിജറേറ്റർ