നാളികേര വില ഉയരുന്നു താളം തെറ്റി കുടുംബ ബഡ്ജറ്റ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കഴിഞ്ഞ കുറച്ച് നാളുകളായി തേങ്ങയുടെ വില കുത്തനെ ഉയർന്നിരിക്കുകയാണ്. റീട്ടെയിൽ വിപണിയിൽ കിലോയ്ക്ക് 80-85 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഒരുകാലത്ത് തേങ്ങ ഉത്പാദനത്തിൽ മുൻപന്തിയിൽ നിന്നിരുന്ന കേരളം, ഇന്ന് തമിഴ്നാട്ടിൽ നിന്ന് തേങ്ങ ഇറക്കുമതി ചെയ്താൽ മാത്രമേ അടുക്കളകളിൽ രുചികരമായ കറികൾ ഒരുക്കാനാകൂവെന്ന അവസ്ഥയിലാണ്.
നാട്ടിൽ തെങ്ങുകളുടെ എണ്ണം കുറഞ്ഞതോടെ നാടൻ തേങ്ങയുടെ ഉത്പാദനവും കുറഞ്ഞു. മണ്ഡരി, കീടബാധ, തെങ്ങിൽ കയറാനുള്ള തൊഴിലാളികളുടെ അഭാവം തുടങ്ങിയവ കാരണം പല കർഷകരും തെങ്ങുകൾ മുറിച്ചുമാറ്റി. നേരത്തെ തമിഴ്നാട്ടിൽ നിന്നുമെത്തിച്ചിരുന്ന തേങ്ങയാണ് നാടൻ തേങ്ങയുടെ കുറവ് നികത്തിയിരുന്നത്. എന്നാൽ, കരിക്കിന്റെ ആവശ്യക്കാർ വർദ്ധിച്ചതോടെ അവിടുത്തെ കർഷകർ തേങ്ങയ്ക്ക് പകരം കരിക്ക് ഉത്പാദിപ്പിക്കുന്നതിലേക്ക് മാറി. ഇതോടെ തമിഴ്നാട്ടിലും തേങ്ങ വില ഉയർന്നതും വിപണിയെ ബാധിച്ചു.
തേങ്ങ(കിലോയ്ക്ക്)
80-85 രൂപ
കരിക്കിന്റെ വർദ്ധിച്ച
ആവശ്യകത
വരുമാന വർദ്ധനവിന് വേണ്ടി കർഷകർ കരിക്ക് വിളവെടുക്കുന്നതിലേക്ക് തിരിഞ്ഞതും നാളികേരത്തിന്റെ കുറവിന് കാരണമായി. കരിക്കിന്റെ കിലോവില 45 രൂപയിൽ നിന്ന് 70–75 രൂപയായി. ടൂറിസം മേഖലയിലെ ആവശ്യകത വർധിച്ചതോടെ പാകമാകുന്നതിനു മുമ്പ് തന്നെ കരിക്ക് വെട്ടുന്ന പ്രവണതയും വ്യാപകമായിക്കൊണ്ടിരിക്കുന്നു കരിക്ക് മൂപ്പെത്തും മുമ്പ് വെട്ടുന്നതോടെ തേങ്ങ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്യുന്നു.
ഉപഭോക്താക്കളുടെ ആശങ്ക
വരുമാനം വർദ്ധിക്കുമെന്നതിനാൽ കർഷകർക്കും ഇടനിലക്കാർക്കും കരിക്ക് വില്പ്നയിലാണ് കൂടുതൽ താത്പര്യം. ഇതോടെ പല കുടുംബബഡ്ജറ്റുകളും തകരാറിലാകുന്ന അവസ്ഥയാണ്. ഓണക്കാലത്ത് തേങ്ങയുടെ ആവശ്യകത കൂടി വരുന്നതിനാൽ വില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ഉപഭോക്തൃ സംഘടനകൾ ആവശ്യപ്പെടുന്നു.