ഒരുമയും മതനിരപേക്ഷതയും കൂടുതൽ ശക്തിപ്പെടുത്തണം: മന്ത്രി ചിഞ്ചുറാണി

Saturday 16 August 2025 12:10 AM IST

കോട്ടയം: ഏറെ പ്രകീർത്തിക്കപ്പെട്ട കേരളത്തിന്റെ ഒരുമയും മതനിരപേക്ഷതയും മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അവർ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നതിൽ ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാം. സാമ്പത്തിക, സൈനികശക്തിയിലും വലിയ ടൂറിസം കേന്ദ്രമെന്ന നിലയിലും ഇന്ത്യ ശക്തിയായി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കം രാജ്യത്തിന്റെ സാമ്പത്തികനില തകർക്കുന്നതും ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കോട്ടയം നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, എ.ഡി.എം എസ്. ശ്രീജിത്ത്, സബ് കളക്ടർ ആയുഷ് ഗോയൽ, നഗരസഭാംഗങ്ങളായ റീബ വർക്കി, മോളിക്കുട്ടി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.