കിടാരക്കുഴി ഹരിജൻ കോളനി നിവാസികൾക്ക് കൈവശ ഭൂമിക്ക് കരം തീർക്കാനാകാതെ

Saturday 16 August 2025 1:28 AM IST

പാലോട്: നന്ദിയോട് പഞ്ചായത്തിലെ പച്ച വാർഡിലെ കിടാരക്കുഴി ഒൻപതേക്കർ ഹരിജൻ കോളനിവാസികൾ 12 വർഷമായി വസ്തുവിന്റെ കരംഒടുക്കാൻ പറ്റാതെ ഓഫീസുകൾ കയറിയിറങ്ങുന്നു. വിവിധ ആവശ്യങ്ങൾക്കായി ഭൂരേഖകൾ ആവശ്യമായിവന്നപ്പോഴാണ് തങ്ങളുടെ ഭൂമി സർക്കാർ രേഖകളിൽ തരിശു ഭൂമിയാണെന്ന് ഇവിടെത്തുകാർ അറിയുന്നത്. ഇവിടത്തെ മിക്ക വീടുകളുടെയും അവസ്ഥ പരിതാപകരമാണ്. അൻപതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി പഞ്ചായത്തു കിണറിനെയാണ് ആശ്രയിക്കുന്നത്. വേനൽ കാലമായാൽ ഇതിൽ വെള്ളമില്ല. ഇവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്.

ചുവപ്പുനാടയിൽ

കുടുങ്ങി അപേക്ഷകൾ

50ലധികം കുടുംബങ്ങളാണ് 56വർഷമായി ഒൻപതേക്കറിൽ താമസിക്കുന്നത്. 1969ൽ റവന്യൂവിൽ നിന്നും പട്ടികജാതി വെൽഫെയർ വകുപ്പ് ഏറ്റെടുത്ത 9ഏക്കർ 32സെന്റ് സ്ഥലം ഒരേക്കർ വീതം 9കുടുംബങ്ങൾക്ക് നൽകി. 1973 മുതൽ കരംതീർക്കുന്ന വസ്തുവിൽ 2013മുതൽ കരം ഒടുക്കാനാകുന്നില്ല. കുറുപുഴ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ സർക്കാർരേഖകൾ പ്രകാരം തരിശുഭൂമിയാണെന്നാണ് പറയുന്നത്. എന്നാൽ കോളനി നിവാസികളായ മൂന്നു പേരുടെ വസ്തു വിലയ്ക്ക് വാങ്ങിയ പട്ടികജാതി അല്ലാത്തവർക്ക് നിലവിൽ ഇതേ വസ്തുവിൽ കരം അടക്കുന്നതിന് ബുദ്ധിമുട്ടുകളില്ല. താലൂക്കിലും വില്ലേജിലും ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്കും മന്ത്രിമാർക്കും ഉൾപ്പെടെ ഇത് സംബന്ധിച്ച നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് സ്ഥലവാസിയായ രവീന്ദ്രൻ പറഞ്ഞു.

ജപ്തി ഭീഷണയിൽ

ഒൻപതേക്കർ കോളനികളിലെ പല കുടുംബങ്ങളും മക്കളുടെ പഠനാവശ്യത്തിനോ, വിവാഹാവശ്യത്തിനോ ബാങ്കുകളിൽ നിന്നും ഇതേ വസ്തുവിന്റെ ഈടിൻമേൽ ലോണെടുത്ത് തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണിയിലാണ്. നിലവിൽ ഇവർക്ക് കരമൊടുക്കിയ രസീത് ഇല്ലാത്തതിനാൽ വസ്തു വിറ്റ് ലോൺ അടയ്ക്കാനും സാധിക്കുന്നില്ല. ഇതോടെ കുട്ടികളുടെ വിദ്യാഭ്യാസം അടക്കം പ്രതിസന്ധിയിലാണ്.