ആത്മഹത്യ ഒരു പരിഹാരമല്ല

Saturday 16 August 2025 3:04 AM IST

മാതാപിതാക്കളുടെയോ അദ്ധ്യാപകരുടെയോ മേലധികാരികളുടെയോ ഒക്കെ ആജ്ഞകൾ ജീവിതത്തിൽ നമ്മൾ അനുസരിക്കേണ്ടതായി വരാറുണ്ട്. അത് കേൾക്കുമ്പോഴോ അനുസരിക്കുമ്പോഴോ നമുക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും തോന്നാറില്ല. എന്നാൽ ചില ആജ്ഞകൾ കേൾക്കുമ്പോൾത്തന്നെ ഭയവും ആശങ്കയും നമ്മെ പിടികൂടും! നിർദ്ദാക്ഷിണ്യമായതും നിഷേധിക്കാൻ പാടില്ലാത്തതുമായ ആജ്ഞകളെ 'സുഗ്രീവാജ്ഞ" എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ജാംബവാൻ, ഹനുമാൻ, നളൻ, നീലൻ, ഗവയൻ, ഗന്ധമാദനൻ, ശരഭൻ, മൈന്ദവൻ, ഗജൻ, പനസൻ, ബലിമുഖൻ, ദധിമുഖൻ, സുഷേണൻ, താരൻ, കേസരി തുടങ്ങിയ പ്രബലന്മാരായിരുന്നു സീതാന്വേഷണത്തിനു നിയോഗിക്കപ്പെട്ട വാനരന്മാരുടെ പെരുംപടയുടെ തലവന്മാർ. വാനരപ്പട പുറപ്പെടാൻ തുടങ്ങിയ സമയത്ത് വാനര രാജാവായ സുഗ്രീവൻ അവർക്ക് ഒരു ഉഗ്രശാസനം നൽകി: 'ഒരു മാസത്തിനുള്ളിൽ സീതാദേവിയെക്കുറിച്ച് അന്വേഷിച്ച് വിവരം നൽകണം. അതിനു കഴിയാത്തവർക്കുള്ള ശിക്ഷ മരണമായിരിക്കും." അതുകേട്ട് കൂട്ടത്തിലെ ധൈര്യശാലികൾ പോലും പേടിച്ചുവിറച്ചു.

ഒരുമാസം കഴിഞ്ഞു. കാലാവധി തീർന്നു. രാപകലില്ലാതെ കിണഞ്ഞു പരിശ്രമിച്ചിട്ടും വാനരന്മാർക്ക് സീതാദേവിയെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ദൗത്യം പരാജയപ്പെട്ടാൽ മരണശിക്ഷ ലഭിക്കുമെന്നാണ് രാജശാസന. തോൽവി സമ്മതിച്ച് മടങ്ങിപ്പോകുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണ് എന്ന തീരുമാനത്തിൽ യുവരാജാവു കൂടിയായ അംഗദൻ എത്തിച്ചേർന്നു. പ്രശ്നം ഹനുമാന്റെ ചെവിയിലുമെത്തി. ഉടൻതന്നെ ഹനുമാൻ അംഗദന്റെ അരികിലെത്തി ആശ്വസിപ്പിച്ചു. അതോടെ അംഗദൻ ആ ഉദ്യമത്തിൽ നിന്ന് പിന്തിരിഞ്ഞു. വീണ്ടെടുത്ത വീറോടെ വീണ്ടും സീതയെ തേടി തെക്കോട്ടു യാത്ര തുടർന്ന് മഹേന്ദ്ര പർവതത്തിലെത്തി. അഗാധമായ സമുദ്രമാണ് മുന്നിൽ. സമുദ്രത്തിനു മുന്നിൽ വഴിമുട്ടിയ വാനരന്മാർ വീണ്ടും നിരാശരായി ജീവത്യാഗത്തിനൊരുങ്ങി.

അവിടെയെത്തിയ കഴുകൻ സമ്പാതി വിവരമറിഞ്ഞു. ഒരിക്കൽ ജീവിതം മടുത്ത് കാട്ടുതീയിൽ ചാടി മരിക്കാൻ തീരുമാനിച്ചപ്പോൾ ലോകനന്മ ചെയ്താൽ സൽഫലമുണ്ടാകുമെന്നു പറഞ്ഞ ചന്ദ്രമാമുനിയുടെ തത്ത്വോപദേശം അപ്പോൾ സമ്പാതി ഓർത്തു. അശോകവനത്തിനു മദ്ധ്യത്തിൽ ശിംശപ വൃക്ഷച്ചുവട്ടിൽ രാക്ഷസികളുടെ കാവലിൽ സീതാദേവി ഇരിപ്പുണ്ടെന്നും,​ കഴുകനായതിനാൽ തനിക്ക് ദേവിയെ കാണാൻ കഴിയുമെന്നുംസമ്പാതി അവരോടു പറഞ്ഞു. അന്വേഷണത്തിന് ഫലമുണ്ടായതിൽ അംഗദൻ അളവറ്റു സന്തോഷിച്ചു. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ തളരരുതെന്നും,​ ജീവൻ വെടിയാൻ തീരുമാനിക്കുന്നത് പരിഹാരമാർഗല്ല എന്നുമുള്ള സന്ദേശം ഈ രാമായണ കഥാസന്ദർഭം നമുക്ക് പകർന്നു തരുന്നു.