അമ്മയുടെ തലപ്പത്ത് ഒരമ്മ

Saturday 16 August 2025 3:11 AM IST

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ 'അമ്മ"യുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ തലപ്പത്ത് ഒരമ്മ. പ്രസിഡന്റായി ശ്വേതമേനോൻ ഇനി അമ്മയെ നയിക്കും. 'അമ്മ" ജനിച്ചു 31 വർഷം എത്തുമ്പോഴാണ് ഒരു വനിത പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നത് എന്നത് ശ്രദ്ധേയം. ശ്വേതയോടൊപ്പം ജനറൽ സെക്രട്ടറിമാരിൽ ഒരാളായി കുക്കു പരമേശ്വരനും വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി അൻസിബയുടെ വിജയം എതിരില്ലാതെ ആയിരുന്നു. അമ്മയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം വനികൾ നേതൃനിരയിലേക്ക് എത്തുന്നത്. 233 വനിതാ അംഗങ്ങൾ ഉൾപ്പടെ 507 അംഗങ്ങൾക്കാണ് വോട്ടുണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മത്സരിക്കാൻ ഒരുങ്ങിയപ്പോൾ ആരംഭിച്ച വിവാദം കോടതി വരെ എത്തി. അവിടെ എത്തുമ്പോൾ ഈ വിജയത്തിന് പത്തരമാറ്റ് തിളക്കം. അനശ്വരം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിൽ 34 വർഷം മുൻപ് എത്തിയതാണ് ശ്വേത. മോഡലിംഗ് രംഗത്ത് സജീവമായി മുംബയിൽ നിന്നു വരുമ്പോൾ 'കാമസൂത്ര"യുടെ പരസ്യചിത്രത്തിലൂടെയാകെ പ്രശസ്തി നേടിയിരുന്നു. മലപ്പുറം വളാഞ്ചേരിക്കാരിയാണെങ്കിലും ശ്വേത ഇപ്പോഴും ജീവിക്കുന്നത് മുംബയ്‌യിൽ. റാമ്പുകളിൽ സ്ഥിരസാന്നിദ്ധ്യമായ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സാന്നിദ്ധ്യം അറിയിച്ചു. 2011ൽ മികച്ച നടി എന്ന സംസ്ഥാന അംഗീകാരം. ഒരേസമയം കൊമേഴ്സ്യൽ - സമാന്തര സിനിമകളിൽ സജീവമായി പ്രവർത്തിക്കാൻ ശ്വേതയ്ക്ക് കഴിഞ്ഞു.

പ്രസിഡന്റായി എം.ജി സോമനും സെക്രട്ടറി ടി.പി മാധവനും അടങ്ങുന്നതായിരുന്നു അമ്മയുടെ ആദ്യ ഭരണസമതി. 97ൽ നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ മധു പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തി. 2000ത്തിൽ ഇന്നസെന്റിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു. പിന്നീട് 2003ൽ വന്ന കമ്മിറ്റിയിൽ 2018വരെ ദീർഘകാലം ഇന്നസെന്റ് പ്രസിഡന്റായി തുടർന്നു. 2018-മുതൽ 24വരെ മോഹൻലാലും അമ്മയുടെ പ്രസിഡന്റായി. നടിയെ ആക്രമിച്ച കേസ്,​ ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള വിവാദങ്ങൾ താരസംഘടനയെ വേട്ടയാടി തുടർന്ന് മോഹൻലാൽ രാജി വച്ചു.

അഞ്ഞൂറോളം അംഗങ്ങളുള്ള താരസംഘടനയെ നല്ല രീതിയിൽ നയിച്ചുകൊണ്ടുപോവുക എന്ന ഭാരിച്ച ഉത്തരവാദിത്വമാകും ഇനി ശേത്വയ്ക്കും കൂട്ടർക്കും മുന്നിൽ ഉണ്ടാവുക.