പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്നു ; തുറന്നില്ല പനി ക്ലിനിക്ക്
കണ്ണൂർ : കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ പനിബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയത് 7850 പേർ.പകർച്ചപ്പനി വ്യാപകമാകുന്ന ഇടങ്ങളിലെ സർക്കാർ ആശുപത്രികളിൽ പ്രത്യേക പനി ക്ലിനിക്കുകൾ, വാർഡുകൾ എന്നിവ അടിയന്തിരമായി തുടങ്ങാൻ ആരോഗ്യ വകുപ്പ് നിർദേശമുണ്ടെങ്കിലും ജില്ലയിൽ നടപടിയൊന്നുമുണ്ടായിട്ടില്ല. ഡങ്കിപ്പനി അടക്കം വ്യാപകമാകുന്ന സാഹചര്യത്തിലും പ്രത്യേകം ക്ളിനിക്കുകൾ തുടങ്ങാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഇതിന് പുറമെ പല കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മതിയായ ഡോക്ടർമാരില്ലെന്ന പരാതിയും ഉയരുന്നുണ്ട്. രണ്ട് ഡോക്ടർമാരുടെ സേവനം വേണ്ട പല സി.എച്ച്.സികളിലും ഒരു ഡോക്ടർമാർ മാത്രമാണുള്ളത്. ഇതുകാരണം ഉച്ചവരെ മാത്രമാണ് ഒ.പി. ഉച്ചകഴിഞ്ഞ് ആശുപത്രിയിൽ എത്തുന്നവർ മറ്റ് ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയാണ്.
ഡങ്കിപ്പനി വ്യാപകമാകുന്നതിന് പുറമെ എലിപ്പനിയും ജില്ലയുടെ പല ഭാഗത്തും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 13 പേർക്കാണ് എലിപ്പനി ബാധിച്ചത്. കല്യാശേരി, നാറാത്ത്, മലപ്പട്ടം, ഏഴോം, നടുവിൽ, കുന്നോത്ത്പാറ, മാട്ടൂൽ, കണ്ണൂർ, ഇരിട്ടി എന്നിവിടങ്ങളിലാണിത്.
കുതിച്ചുയരുന്നു ഡങ്കി ബാധിതരുടെ നിരക്ക്
ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ വർദ്ധനവാണുള്ളത്. ഒറ്റ ദിവസം മാത്രം 34 പേർക്ക് വരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമ്പതോളം പേർ ദിനംപ്രതി രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം 39 പേർക്ക് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടി. സ്വകാര്യ ആശുപത്രിയിലെത്തുന്നവരുടെ കണക്ക് കൂടി പരിശോധിക്കുമ്പോൾ എണ്ണം വീണ്ടും വർദ്ധിക്കും. മാലൂർ, ചപ്പാരപ്പടവ്, കുറുമാത്തൂർ, പാപ്പിനിശേരി, കൂത്തുപറമ്പ്, തലശേരി, പാട്യം, പരിയാരം, ചെങ്ങളായി, പള്ളിക്കുന്ന, വേങ്ങാട്, പിണറായി, കല്യാശേരിസ ചെമ്പിലോട്, ന്യൂമാഹി, അഞ്ചരക്കണ്ടി, ഏഴോം, മാടായി, കണ്ണൂർ കോർപറേഷൻ, മാങ്ങാട്ടിടം, പടിയൂർ, ഇരിട്ടി, കൂവോട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി റിപോർട്ട് ചെയ്തത്.
ഭയപ്പെടുത്തുന്ന വർദ്ധനവ്
2023 ജൂണിൽ 25
2024 ജൂണിൽ 90
2025 ജൂണിൽ 240