രാംചരൺ ചിത്രത്തിൽ ഐറ്രം നമ്പർ, മറുപടി പറയാതെ സാമന്ത
ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന പെഡ് ഡി എന്ന ചിത്രത്തിൽ ഐറ്രം നമ്പറിന് സാമന്തയെ ക്ഷണിച്ച് നിർമ്മാതാക്കൾ. എന്നാൽ സാമന്ത ഇതുവരെ മറുപടി നൽകിയിട്ടില്ല. അല്ലു അർജുൻ ചിത്രം പുഷ്പയിൽ ഐറ്രം നമ്പർ അവതരിപ്പിച്ച് സാമന്ത പ്രേക്ഷകരെ ത്രസിപ്പിച്ചിരുന്നു. എന്നാൽ പുഷ്പയിൽ ഐറ്രം നമ്പർ അവതരിപ്പിച്ചതിൽ തനിക്ക് കുറ്റബോധം പിന്നീട് ഉണ്ടായിയെന്ന് സാമന്ത തുറന്നു പറഞ്ഞിരുന്നു. നാഗ ചൈതന്യയുമായുള്ള ദാമ്പത്യ തകർച്ചയ്ക്ക് പിന്നാലെയായിരുന്നു അത്. പെഡ് ഡിയിൽ സാമന്ത എത്തുമെന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. അതേസമയം പെഡ് ഡിയുടെ പുതിയ ഷെഡ്യൂളിനായി മേക്കോവർ നടത്തുന്ന രാം ചരണിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
പെഡ് ഡി ക്കുവേണ്ടി വലിയ രീതിയിൽ ശാരീരിക പരിവർത്തനം നടത്തിയ രാംചരണിന്റെ പരുക്കൻ ലുക്കുമായി ഗ്ളിംപ്സ് വീഡിയോ നേരത്തേ പുറത്തിറങ്ങിയിരുന്നു. ബോളിവുഡ് താരം ജാൻവി കപൂർ ആണ് നായിക. ആറുകോടിയാണ് ജാൻവിയുടെ പ്രതിഫലം. രാം ചരണും ശിവരാജ് കുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രം ആണ് പെഡ് ഡി. ഉപ്പേന എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെ ശ്രദ്ധേയനായ ബുചി ബാബു വമ്പൻ ബഡ്ജറ്റിൽ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുക്കുന്ന ചിത്രത്തിൽ ജഗപതി ബാബു , ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റു താരങ്ങൾ.
വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മാണം. മൈത്രി മൂവിമേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന് എ.ആർ. റഹ്‌മാൻ ആണ് സംഗീതം.