'താങ്ങും തണലും ധനുഷും ഐശ്വര്യയും" നന്ദി പറഞ്ഞ് ശ്രുതി ഹാസൻ
തന്റെ കരിയറിലെ ഏറ്റവും മോശം അവസ്ഥയിൽ താങ്ങും തണലുമായി നിന്ന നടൻ ധനുഷിനും മുൻഭാര്യ ഐശ്വര്യ രജനികാന്തിനും നന്ദി പറഞ്ഞ് നടി ശ്രുതി ഹാസൻ. ഹിന്ദിയിൽ 'ലക്ക് ", തെലുങ്കിൽ 'അനഗനഗ ഓ ധീരുഡു" തുടങ്ങിയ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ തന്റെ സിനിമാ ജീവിതം അവസാനിച്ചുവെന്ന് ശ്രുതി കരുതിയിരുന്നു.
ആ സമയത്താണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത '3" എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായി അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ആ ചിത്രം തന്റെ കരിയറിലെ വഴിത്തിരിവായെന്നും മാനസികമായി തളർന്നിരുന്ന ആ സമയത്ത് ധനുഷും ഐശ്വര്യയും നൽകിയ പിന്തുണ മറക്കാനാകില്ലെന്നും ശ്രുതി.
''ധനുഷിനെപ്പോലൊരു മികച്ച സഹതാരത്തിനൊപ്പം അഭിനയിച്ചത് എന്നെ ഏറെ സഹായിച്ചു. ഉത്തരവാദിത്തങ്ങൾ വരുമ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എനിക്ക് സാധിക്കുമെന്ന് ഞാൻ അന്ന് തിരിച്ചറിഞ്ഞു. ശേഷം എന്റെ വ്യക്തിത്വത്തിൽ പോലും വലിയ മാറ്റങ്ങളുണ്ടായി,"" ശ്രുതിയുടെ വാക്കുകൾ.
2012ൽ റിലിസ് ചെയ്ത 3 ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും കാലക്രമേണ കൾട്ട് ക്ലാസിക് പദവിയിലേക്ക് എത്തി . '3" ഇപ്പോൾ റിലീസ് ചെയ്യുകയായിരുന്നെങ്കിൽ വലിയ തരംഗമായി മാറിയേനെ എന്നും 'കൊലവെറി' എന്ന ഗാനത്തെക്കാൾ വലിയ ഹിറ്റാവുമായിരുന്നെന്നും ശ്രുതി നേരത്തേ പറഞ്ഞിരുന്നു. ബെെപോളാർ ഡിസോർഡർ കാരണം ബുദ്ധിമുട്ടുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 'കൂലി"യാണ് ശ്രുതി ഹാസന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.