ചാത്തമ്പറ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കാനാകാതെ...
കല്ലമ്പലം: ആലംകോടിനും കല്ലമ്പലത്തിനുമിടയിൽ ഏറ്റവും കൂടുതൽ വാഹനത്തിരക്കുള്ള സ്ഥലമായ ചാത്തമ്പാറയിൽ ഒന്ന് റോഡ് മുറിച്ച് കടക്കണമെങ്കിൽ ഏറെനേരം കാത്തുനിൽക്കണം. ഒപ്പം ജീവൻപണയംവെച്ചുവേണം അപ്പുറം കടക്കാൻ. ഇവിടെ ഒരു പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. യാത്രക്കാർ റോഡ് ക്രോസ് ചെയ്യുമ്പോൾ അമിതവേഗത്തിൽ ഹോൺമുഴക്കി യാത്രക്കാരെ ഭീഷണിപ്പെടുത്തുംവിധമാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. സീബ്രാ ലൈനിലൂടെ പോലും റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത അവസ്ഥ.
ചാത്തമ്പറ - നഗരൂർ റോഡിന്റെ ഒരു വശം പൂർണമായും ടൂവീലർ യാത്രക്കാർ കൈയടക്കി ഒരു പാർക്കിംഗ് മേഖലയാക്കി.
സൂചനാ ബോർഡുകളും ഇല്ല
ജംഗ്ഷനിലെ ബിവറേജ് ഔട്ട്‌ലെറ്റാണ് മറ്റൊരു പ്രശ്നം. ഇവിടെയെത്തുന്നവരുടെ ബോധപൂർവമല്ലാത്ത റോഡ് ക്രോസിംഗും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇവിടെ ഔട്ട്‌ലെറ്റിന്റെ സൂചനാ ബോർഡ് സ്ഥാപിച്ചിട്ടില്ല. അതിനാൽ വാഹനങ്ങൾ സ്ഥാപനത്തിന് മുന്നിലെത്തുമ്പോൾ പെട്ടെന്ന് ബ്രേക്ക് പിടിക്കും. ഇതും അപകടത്തിന്റെ എണ്ണം കൂട്ടുന്നുണ്ട്.
പരിഹാരം വേണം
ജംഗ്ഷനിൽ നിന്ന് ബിവറേജസിലേക്ക് തിരിയുന്ന പ്രവേശന കവാടത്തിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. അതിനാൽ വാഹനങ്ങളുടെ അടിവശം തറയിൽ ഇടിക്കുന്നുണ്ട്. ഈ പ്രദേശത്ത് ചെറുതല്ലാത്ത തിരക്കും അനുഭവപ്പെടുന്നുണ്ട്. എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.