ബീനയുടെ ഓർമ്മകൾ തുടിച്ച് 'സ്മൃതിവന്ദനം " മനസ് നിറഞ്ഞ് മനോഹരനും അക്ഷയും

Friday 15 August 2025 10:00 PM IST

മാഹി:അഞ്ചുവർഷം മുമ്പ് മരിച്ച ഭാര്യയുടെ ശരീരത്തിൽ നിന്നും എടുത്ത വൃക്കകളും കരളുമായി ആരോഗ്യത്തോടെ കൺമുന്നിൽ കണ്ടപ്പോൾ മയ്യഴിക്കാരൻ അടിയേരി മനോഹരനും ഏകമകൻ അക്ഷയ്ക്കും ഉള്ളിലുണ്ടായ വികാരം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. 2017 മുതൽ 2025 ജൂലായ് വരെ മരണാനന്തരം അവയവം ദാനം ചെയ്ത 122 കുടുംബങ്ങളെയും അത് സ്വീകരിച്ചവരേയും പങ്കെടുപ്പിച്ചുള്ള സർക്കാരിന്റെ സ്മൃതിവന്ദനം 2025 പരിപാടിയിലാണ് മനോഹരനും മകനും ബീനയുടെ സാമീപ്യം വീണ്ടുമറിഞ്ഞത്.

മന്ത്രി വീണാ ജോർജിന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ പതിമൂന്നിന് തിരുവനന്തപുരം ടാഗോർ തീയേറ്ററിലായിരുന്നു സ്മൃതിവന്ദനം സംഘടിപ്പിച്ചത്. 2020 ആഗസ്റ്റിലാണ് പക്ഷാഘാതത്തെ തുടർന്ന് ബീനയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. രണ്ട് വൃക്കകളും കരളും മൃതസജ്ഞീവനി വഴി മൂന്ന് പേർക്ക് നൽകാൻ സഹിക്കാൻ കഴിയാത്ത സങ്കടത്തിനിടയിലും മനോഹരനും കുടുംബവും തയ്യാറാകുകയായിരുന്നു. മൂന്നുപേർക്കാണ് ഇവർ ഈ മഹാദാനത്തിലൂടെ ജീവിതം തിരികെ നൽകിയത്. അവയവദാനത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനു വേണ്ടി ബീനയുടെ സംസ്‌കാരം ഒരു ദിവസം വൈകിയാണ് അന്ന് നടത്തിയത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ച് നെഫോളജിസ്റ്റ് ഡോ.ജയമീന, യൂറോളജിസ്റ്റ് ഡോ.പൗലോസ് ചാലി, അനസ്തറ്റിസ്റ്റ് ഡോ.ഇ.കെ.രാമദാസ്, ട്രാൻസ് പ്ലാന്റ് കോർഡിനേറ്റർ നിധിൻ രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവയവമാറ്റ ശസ്ത്രക്രീയ നടത്തിയത്.

ലോക അവയവദാനദിനം പ്രമാണിച്ചാണ് സ്മൃതി വന്ദനം പരിപാടിയിലൂടെ മരണാനന്തര അവയവദാതാക്കളുടെ അനുസ്മരണവും അവരുടെ കുടുംബങ്ങളെ ആദരിക്കുകയും ചെയ്തത്. മയ്യഴി പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടായി വിരമിച്ച മനോഹരൻ ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ്. ജനശബ്ദം മാഹിയുടെ സംഘാടകത്വത്തിൽ മാഹിയിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്വർണ്ണമെഡലുകളും മറ്റും ഇദ്ദേഹം നൽകാറുണ്ട്.