ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അയല്‍വീട്ടിലെ കുട്ടി മരിച്ചു; ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു

Friday 15 August 2025 10:18 PM IST

ബംഗളൂരു: നഗരത്തിലെ വീടിനുള്ളില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് പത്ത് വയസുകാരന്‍ മരിച്ചു. മുബാരക് എന്ന കുട്ടിയാണ് മരിച്ചത്. സെന്‍ട്രല്‍ ബംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡനിലാണ് അപകടം സംഭവിച്ചത്. ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ആറ് വീടുകള്‍ തകരുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. വീടുകള്‍ തിങ്ങി നിറഞ്ഞ ചിന്നപാളയം എന്ന പ്രദേശത്താണ് പൊട്ടിത്തെറിയുണ്ടായത്. തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നവയാണ് തകര്‍ന്ന ആറ് വീടുകളും.

സിലണ്ടറിന് ചോര്‍ച്ചയുണ്ടായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക വിവരം. അപകടത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് സിറ്റി കമ്മീശണര്‍ സീമന്ത് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടമുണ്ടായ വീട്ടില്‍ മൂന്ന് പേരാണ് താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. അപകടമുണ്ടായ വീടിന് സമീപത്തെ വീട്ടിലെ കുട്ടിയാണ് മരിച്ചത്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭ്വസ്ഥലത്ത് സന്ദര്‍ശനം നടത്തി. മുബാറക് എന്ന കുട്ടിയാണ് മരിച്ചത്. ഒമ്പത് പേര്‍ക്ക് തീപിടിത്തത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സിദ്ധരാമയ്യ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സച്ചെലവ് കര്‍ണാടക സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.