വില വർദ്ധനവ് ഓണ സദ്യയിലെ വിഭവങ്ങൾ ഔട്ട്

Saturday 16 August 2025 1:04 AM IST

കിളിമാനൂർ: പലവ്യഞ്ജനം,പച്ചക്കറി,പഴം,എണ്ണ, നാളികേരം തുടങ്ങി ആവശ്യ സാധനങ്ങളുടെ വില കുതിച്ചുയരാൻ തുടങ്ങിയതോടെ ഓണത്തിന് ഇലയിൽ വിഭവങ്ങൾ കുറയാനാണ് സാദ്ധ്യത. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ബീൻസ്,പച്ചമുളക്,പാവയ്ക്ക,തക്കാളി,കാരറ്റ്,വെള്ളരി,ചേന തുടങ്ങിയവക്കെല്ലാം വിലയേറിയിരുന്നു.

കിലോയ്ക്ക് 20 മുതൽ 30 വരെയുണ്ടായിരുന്ന തക്കാളി 40ലെത്തി. 50 രൂപയുണ്ടായിരുന്ന പച്ചമുളക് 80 രൂപയായി. 30 രൂപയുണ്ടായിരുന്ന ബീൻസിന് 50 രൂപയും. വലിയഉള്ളിക്ക് മാത്രമാണ് വിലക്കുറവുള്ളത്. 20 രൂപയ്ക്ക് ലഭിച്ചിരുന്ന പച്ചക്കായയ്ക്ക് ഒറ്റയടിക്ക് ഇരിട്ടിയായി. 40 രൂപയുണ്ടായിരുന്ന നേന്ത്രപ്പഴം 60ൽ എത്തി. ഞാലിപ്പൂവൻ പഴം 100 ലേക്കും കടന്നു.

കേരളത്തിലേക്ക് പച്ചക്കറിയെത്തിയിരുന്ന അയൽ സംസ്ഥാനങ്ങളിലുണ്ടായ അപ്രതീക്ഷിത മഴയാണ് പച്ചക്കറി വില വർദ്ധിച്ചതിന് കാരണം. മഴ ശക്തമായി തുടർന്നാൽ പച്ചക്കറി വില ഇനിയും ഉയരാനാണ് സാദ്ധ്യത.

 വിഭവങ്ങൾ കുറയും

പച്ചക്കറികളുടെയും മറ്റും വില കൂടിയതോടെ ഓണസദ്യയിൽ വിളമ്പേണ്ട വിഭവങ്ങളുടെ എണ്ണവും കുറയുന്ന സാഹചര്യമാണ്. അവിയലിൽ ചേർക്കുന്ന പച്ചക്കറികളുടെ എണ്ണവും കുറയ്ക്കണമെന്ന ചിന്തയിലാണ് പല വീട്ടമ്മമാരും. സദ്യയിൽ സാമ്പർ ഔട്ടാകാനാണ് സാദ്ധ്യത.

എണ്ണയും തേങ്ങയും നോക്കണ്ട

എണ്ണയ്ക്കും തേങ്ങയ്ക്കും തീവിലയായതോടെ അവ കുറച്ചുള്ള വിഭവമൊരുക്കാനാണ് മലയാളികളുടെ ശ്രമം. എണ്ണവില വർദ്ധിച്ച സാഹചര്യത്തിൽ സദ്യയെ അലങ്കരിച്ചിരുന്ന ശർക്കര വരട്ടിയും, ചിപ്സും ഇലയിൽനിന്ന് പുറത്താകാനും സാദ്ധ്യതയുണ്ട്.